കനത്ത മഴ; വെള്ളക്കെട്ടിൽ ദുരിതത്തിലായി പന്തളം
text_fieldsപന്തളം നഗരസഭ കാര്യാലയത്തിന് എതിർവശത്തെ റോഡിലെ വെള്ളക്കെട്ട്
പന്തളം: മഴ കനത്താൽ പന്തളത്തെ വെള്ളക്കെട്ടിന് അറുതിയില്ല, കഴിഞ്ഞ രണ്ട് ദിവസമായി പെയ്തിറങ്ങിയ തുലാമഴ ജനജീവിതം ദുസ്സഹമാക്കി വെള്ളക്കെട്ട് രൂക്ഷമാണ്.
പന്തളം നഗരസഭ ഓഫിസിന് എതിർവശമുള്ള റോഡിൽ ശക്തമായ ഒഴുക്കും വെള്ളക്കെട്ടും രൂക്ഷമാണ്. മഴ പെയ്തു തുടങ്ങുന്നത് മുതൽ ശക്തമായ വെള്ളമാണ് ഈ പ്രദേശങ്ങളിൽ. അശാസ്ത്രീയ ഓട നിർമാണമാണ് രൂക്ഷമായ വെള്ളക്കെട്ടിനു കാരണം.
കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടരയോടെ മിന്നലിനു പിന്നാലെ ചാറ്റൽമഴയും പെയ്തു തുടങ്ങി. മൂന്നു മണിയോടെ തുടങ്ങിയ കനത്ത മഴ നാലരവരെ നിർത്താതെ പെയ്തു. പന്തളം ജങ്ഷനിലും പരിസരത്തും നിമിഷനേരംകൊണ്ട് വെള്ളത്തിൽ മുങ്ങി.
കനത്ത മഴ പെയ്തതിനെ തുടർന്ന് പന്തളം ഉപജില്ല കലോത്സവം നടക്കുന്ന തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തിലെ പ്രധാനവേദിയും പരിസരവും വെള്ളത്തിലായപ്പോൾ. ശക്തമായ മഴയിലും വെള്ളക്കെട്ടിലും യാത്ര തുടരാകാതെ ആശങ്കയിലായ വാഹനങ്ങൾ നിർത്തിയിട്ടു.

