ദുരിതമായി വഴിയടച്ച് പാർക്കിങ്; മല്ലപ്പള്ളി മിനി സിവിൽ സ്റ്റേഷന് മുമ്പിലാണ് തോന്നുംപടി വാഹനങ്ങൾ നിർത്തിയിടുന്നത്
text_fieldsമല്ലപ്പള്ളി മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ പ്രവേശന കവാടത്ത് വഴിയടച്ച് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ
മല്ലപ്പള്ളി: മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ പ്രവേശന കവാടത്തിൽ ഇരുചക്രവാഹനങ്ങൾ വഴിയടച്ച് പാർക്ക് ചെയ്യുന്നത് ജനങ്ങൾക്ക് ദുരിതമാകുന്നു. സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഓഫിസുകളിലെ ജീവനക്കാരുടെയും വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരുടെയും വാഹനങ്ങളാണ് യാത്രക്ക് തടസ്സമായി പാർക്ക് ചെയ്യുന്നത്. ഇരുചക്ര വാഹനങ്ങൾക്കിടയിലൂടെ വളരെ പ്രയാസപ്പെട്ടുവേണം മിക്കപ്പോഴും കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ. വാഹനങ്ങളിൽ വസ്ത്രം ഉടക്കുന്നതിനും, പുകക്കുഴലുകളിൽ കാലുതട്ടി പൊള്ളലേൽക്കാനും സാധ്യത ഏറെയാണ്. സബ് ട്രഷറി, പൊതുമരാമത്ത് ഓഫിസ്, സബ് രജിസ്ട്രാർ ഓഫിസ്, വിദ്യാഭ്യാസ ഉപജില്ല ഓഫിസ്, ജോയന്റ് ആർ.ടി.ഒ ഓഫിസ്, താലൂക്ക് സപ്ലൈ ഓഫിസ്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തുടങ്ങി നിരവധി ഓഫിസുകൾ പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷനിൽ നൂറുകണക്കിന് പേരാണ് ദിനേന എത്തുന്നത്. വഴിയടച്ചുള്ള വാഹന പാർക്കിങ് ഒഴിവാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടാകണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

