കാടുമൂടി സൂചന ബോർഡുകൾ
text_fieldsസൂചന ബോർഡുകൾ കാണാൻ കഴിയാത്തവിധം കാടുകയറിയ ചെറുകോൽപുഴ-പൂവനക്കടവ് റോഡിൽ ഇരുമ്പുകുഴി റോഡ് സന്ധിക്കുന്ന അരീക്കൽ ജങ്ഷൻ
മല്ലപ്പള്ളി: സൂചന ബോർഡുകൾ കാണാൻ കഴിയാത്ത വിധം കാടുകയറിയത് അപകടം ക്ഷണിച്ചുവരുത്തുന്നു. ചെറുകോൽപുഴ-പൂവനക്കടവ് റോഡിൽ ഇരുമ്പുകുഴി റോഡ് സന്ധിക്കുന്ന അരീക്കൽ ജങ്ഷനിലാണ് ഈ കാഴ്ച. റോഡിന്റെ വശത്തെ കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തെ സൂചന ബോർഡുകൾ കാടുകയറി വാഹന യാത്രികരുടെ കാഴ്ച മറയ്ക്കുന്ന നിലയിലെത്തിയത്.
സ്ഥലപരിചയമില്ലാതെ എത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ ജങ്ഷനിലെത്തുമ്പോൾ നട്ടംതിരിയുകയാണ്. ഇത് അപകടങ്ങൾക്കും വഴിയൊരുക്കുന്നു. ഒരാഴ്ചക്കിടയിൽ നിരവധി അപകടങ്ങൾ ഈ ഭാഗത്തുണ്ടായി. റോഡിന്റെ വശങ്ങൾ കാടുമൂടിയതിനാൽ കാത്തിരിപ്പുകേന്ദ്രത്തിനു സമീപം ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു.
ഈ റോഡിലെ വിവിധ സ്ഥലങ്ങളിലെ ദിശ, സൂചന ബോർഡുകൾ തകർന്ന നിലയിലുമാണ്. അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

