കോന്നി താലൂക്ക് ആശുപത്രിയിൽ കുടിവെള്ളത്തിന് നെട്ടോട്ടം
text_fieldsകോന്നി: കോന്നി താലൂക്ക് ആശുപത്രിയിൽ നിത്യോപയോഗ ആവശ്യങ്ങൾക്ക് കുടിവെള്ളമില്ല. ആശുപത്രിയുടെ മുറ്റത്ത് കിണർ ഉണ്ടെങ്കിലും കിണറിൽ സ്ഥാപിച്ച മോട്ടോർ തകരാറിലായത് മൂലം ആശുപത്രി ആവശ്യങ്ങൾക്ക് വെള്ളം ലഭിക്കാതെയായി.
ഇത് പുന:സ്ഥാപിക്കുന്നതിന് പകരം പുതിയ കുഴൽ കിണർ നിർമിച്ചെങ്കിലും ഇതിലും വെള്ളം ലഭിച്ചില്ല. പ്രതിദിനം ഇരുപതിനായിരം മുതൽ മുപ്പതിനായിരം ലിറ്റർ വരെ ആശുപത്രി ഉപയോഗങ്ങൾക്ക് ആവശ്യമായി വരും.
എന്നാൽ വെള്ളം ലഭിക്കാതെ വന്നതോടെ ഇത് വില കൊടുത്ത് വാങ്ങുകയാണ് ചെയ്യുന്നത്. കോന്നിയിലെ മലയോര മേഖലയിലെ സാധാരണക്കാർ അടക്കമുള്ള നിരവധി ആളുകൾ ദിവസേന ആശ്രയിക്കുന്ന ആശുപത്രിയിൽ ആണ് ഈ ദു:സ്ഥിതി.

