കുളത്തുമണ്ണിൽ പുലി ഇറങ്ങി; ആടിനെ കൊന്നു
text_fieldsകോന്നി: കുളത്തുമണ്ണിൽ പുലി ആടിനെ ആക്രമിച്ചുകൊന്നു. കഴിഞ്ഞ രാത്രിയിൽ ആയിരുന്നു സംഭവം. കുളത്തുമൺ മഹാദേവ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മോഹന വിലാസം പി.എൻ. സന്തോഷിന്റെ ആടിനെയാണ് പുലി പിടിച്ചത്. രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. കൂടിനുള്ളിൽ കെട്ടിയിട്ടിരുന്ന ആടിനെ പുലി ആക്രമിക്കുകയായിരുന്നു.
കൂട്ടിൽനിന്നും വലിച്ചു പുറത്തേക്കിട്ട് ആടിനെ കടിച്ചുകൊന്നുവെങ്കിലും കയറിൽ കെട്ടിയിട്ടിരുന്നതിനാൽ ജഡം കൊണ്ടുപോകാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് പുലി വനത്തിലേക്ക് ഓടി മറയുകയായിരുന്നു. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പാടം ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും വനപാലകർ സ്ഥലത്തെത്തി പ്രദേശത്ത് കാമറ സ്ഥാപിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ സന്തോഷിന്റെ പത്തോളം ആടുകളാണ് പുലിയുടെ ആക്രമണത്തിൽ നഷ്ടമായതെനന്ന് വീട്ടുകാർ പറയുന്നു.

