വയോധികയുടെ സ്വർണം കവർന്ന ഹോം നഴ്സ് അറസ്റ്റിൽ
text_fieldsനിര്‍മല രാജേന്ദ്രൻ
കോട്ടയം: പാമ്പാടിയിൽ വയോധികയുടെ സ്വർണം തട്ടിയെടുത്ത കേസിൽ ഹോം നഴ്സിനെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട ഇലന്തൂർ സ്വദേശി നിര്‍മല രാജേന്ദ്രനെയാണ് (48) പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ഹോം നഴ്സായി ജോലി ചെയ്തിരുന്ന മീനടം ഭാഗത്തെ വീട്ടിലെ പ്രായമായ സ്ത്രീയുടെ കൈയിൽ കിടന്ന ഒരുപവന്റെ രണ്ട് വളകൾ തട്ടിയെടുക്കുകയായിരുന്നു. കഴുകി വൃത്തിയാക്കി തരാമെന്ന വ്യാജേനെ ഊരിവാങ്ങുകയും തുടർന്ന് അതേ തൂക്കത്തിലുള്ള വ്യാജ സ്വർണവളകൾ നൽകുകയും ചെയ്തു. ഇവർ വീട്ടിൽനിന്ന് നാട്ടിലേക്ക് അവധിക്ക് പോകുകയും ചെയ്തു.
തിരികെ വരാഞ്ഞതിനെ തുടർന്ന് സംശയം തോന്നിയ വീട്ടുകാർ വളകൾ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസ്സിലാക്കുന്നത്.
എസ്.എച്ച്.ഒ ഡി. സുവർണകുമാർ, എസ്.ഐ ലെബിമോൻ കെ.എസ്. ശ്രീരംഗൻ, സി.പി.ഒമാരായ മഹേഷ്, സിന്ധുമോൾ വി.പി. രമ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

