മന്ത്രി വീണ ജോര്‍ജിനെ വിമർശിച്ച സി.പി.എം നേതാവ് പി.ജെ. ജോണ്സണ് കോണ്‍ഗ്രസിൽ
text_fieldsപത്തനംതിട്ട: സി.പി.എം. ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും എസ്.എഫ്.ഐ. മുൻ ജില്ല പ്രസിഡന്റുമായ പി.ജെ. ജോണ്സണ് കോണ്‍ഗ്രസിൽ ചേർന്നു. മഹാത്മഗാന്ധി സർവകലാശാല യൂനിയന്‍ ചെയര്‍മാനും ജില്ല ലൈബ്രറി കൗണ്‍സില്‍ അംഗവുമായിരുന്നു.
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്മാന്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. അടുത്തകാലത്ത് മന്ത്രി വീണ ജോര്‍ജിന്റെ ഭരണപരമായ കെടുകാര്യസ്ഥതയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ചത് ചർച്ചയായിരുന്നു.
ഡി.സി.സി ഓഫീസിൽ എത്തി ജോണ്സണ് അംഗത്വം സ്വികരിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ദേഹത്തിന് കോണ്‍ഗ്രസ് അംഗത്വം നല്കി സ്വീകരിച്ചു.

