കാട്ടുപന്നി കുറുകെ ചാടി; കാർ തലകീഴായി മറിഞ്ഞു
text_fieldsമുളഞ്ഞൂരിൽ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് വൈദ്യുതിക്കാലിലിടിച്ച് മറിഞ്ഞ കാർ
ലക്കിടി: ലക്കിടി മുളഞ്ഞൂരിൽ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് കാർ അപകടത്തിൽപ്പെട്ടു. യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. മുളഞ്ഞൂരിൽ നിന്നും വാണിയംകുളത്തേക്ക് പോകുകയായിരുന്ന മുളഞ്ഞൂർ പുന്തുരുത്തിയിൽ അരുൺ ഓടിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്.
മുളഞ്ഞൂർ-പുലാപറ്റശ്ശേരി റോഡിൽ ഇളയിരിക്കൽ ആലിനു സമീപം ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. കാർ മറിഞ്ഞ് തൊട്ടടുത്ത വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നിന്നു. കാർ പൂർണമായി തകർന്നു. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. കെ.എസ്.ഇ.ബി ജീവനക്കാരും സ്ഥലത്തെത്തിയിരുന്നു.

