മുണ്ടൂർ പഞ്ചായത്തിൽ തെരുവുനായ് വിളയാട്ടം: ആറുപേരെ കടിച്ചു
text_fieldsമുണ്ടൂർ: ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ വിളയാട്ടം. ആറ് പേരെ പട്ടി കടിച്ചു. മുണ്ടൂർ പൂതനൂർ ഇരുവിളം കാട് അയ്യപ്പൻകുട്ടി-ഗീത ദമ്പതികളുടെ മകൻ അഭിലാഷ് (20), പൂതനൂർ ഇരുവിളംകാട് ആതിര (27), പൂതനൂർ ഇരുവിളംകാട് മിനി (35), നാമ്പുള്ളിപ്പുര സുരേഷ്-സിന്ധു ദമ്പതികളുടെ മകൻ ദിൽജിത് (17), നാമ്പുള്ളിപ്പുര കൊളമുള്ളി കൃഷ്ണൻകുട്ടി (55), പൂതനൂർ നായമ്പാടം കയറാമ്പൊറ്റ ശ്യാമിലി (30) എന്നിവർക്കാണ് കടിയേറ്റത്.
മുണ്ടൂർ ഗ്രാമപഞ്ചായത്തിലെ പൂതനൂരിലും പരിസര പ്രദേശങ്ങളിലുമാണ് തെരുവ് നായ്ക്കളുടെ പരാക്രമം. അഭിലാഷ് തിങ്കളാഴ്ച വൈകീട്ട് ആറോടെ കടയിലേക്ക് പോകുന്ന വഴിയിൽ പൂതനൂർ കലവറക്ക് സമീപം പിറകെ വന്ന നായ് മുട്ടിന് താഴെ കടിച്ച് മുറിവേൽപ്പിക്കുകയായിരുന്നു. ആതിരയെ ജോലിക്ക് പോകുന്ന സമയം രാവിലെ 8.15ന് പൂതനൂർ ഒമ്പതാം മൈൽ മദ്യഷാപ്പിന് സമീപം പിന്തുടർന്ന് കടിക്കുകയായിരുന്നു. കടിയേറ്റ ഭൂരിഭാഗം പേരും വഴിയാത്രക്കാരാണ്. കടിയേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി പ്രതിരോധ കുത്തിവെപ്പെടുത്തു. വളർത്തുമൃഗങ്ങൾക്കും കടിയേറ്റതായി പറയുന്നു. ആക്രമണകാരിയായ നായ്ക്ക് പേവിഷബാധയുണ്ടെന്ന് സംശയിക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു.

