കരിമ്പുഴയിൽ സി.പി.എം–സി.പി.െഎ പോര്
text_fieldsശ്രീകൃഷ്ണപുരം: കരിമ്പുഴ പഞ്ചായത്തിൽ ഒരിടവേളക്കുശേഷം വീണ്ടും സി.പി.എം-സി.പി.ഐ ചേരിപ്പോര്.
തിങ്കളാഴ്ച സി.പി.എം നേതൃത്വം നൽകുന്ന ഭരണസമിതി വിളിച്ച യോഗം സി.പി.ഐ ബഹിഷ്കരിച്ചതോടെ മുടങ്ങി. ഭരണസമിതി യോഗ നോട്ടീസ് രേഖാമൂലം ലഭിച്ചില്ലെന്നാണ് സി.പി.ഐ അംഗം അറിയിച്ചത്.
എന്നാൽ, കരിമ്പുഴയിലെ ബസ് വെയിറ്റിങ് ഷെഡ് നാമകരണവുമായി ബന്ധപ്പെട്ട തർക്കമാണ് സി.പി.ഐ അംഗം യോഗത്തിൽനിന്ന് വിട്ട് നിൽക്കാൻ കാരണമത്രേ.
കരിപ്പമണ്ണ റോഡിലെ ബസ് വെയിറ്റിങ് ഷെഡിന് സഖാവ് കൃഷ്ണപിള്ളയുടെ നാമകരണം നൽകണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ ഭരണസമിതിക്ക് അപേക്ഷ നൽകിയിരുന്നു.
സി.പി.എം ആവശ്യം പരിഗണിച്ചില്ല. ഇതിലുള്ള പ്രതിഷേധമാണ് ഭരണസമിതി യോഗം ബഹിഷ്കരണത്തിലേക്ക് സി.പി.ഐയെ നയിച്ചത്.

