വഴിതെറ്റിയെത്തിയ ഇതര സംസ്ഥാന തൊഴിലാളിക്ക് സാമൂഹിക പ്രവർത്തകന്റെ ഇടപെടൽ തുണയായി
text_fieldsമങ്കരയിൽ എത്തിയ ശിവറാമിന്റെ ബന്ധുക്കൾ
മങ്കര: നാട്ടിലേക്ക് പോകുന്നതിനിടെ പണവും രേഖകളും നഷ്ടമായതിനെ തുടർന്ന് വിശന്നു വലഞ്ഞ മങ്കരയിലെത്തിയ വയോധികന് ജീവകാരുണ്യ പ്രവർത്തകനും നന്മ ട്രസ്റ്റ് അംഗവുമായ ജബ്ബാർ മങ്കരയുടെ ഇടപെടൽ തുണയായി.
രണ്ടാഴ്ച മുമ്പാണ് റാഞ്ചി സ്വദേശി ശിവറാം (60) വിശന്നുവലഞ്ഞ് മങ്കരയിലെത്തിയത്. കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ നാട്ടിലേക്ക് പോകുന്നതിനിടെ കൈയിലുള്ള പണവും രേഖകളും ആരോ തട്ടിയെടുത്തതായി മനസ്സിലാക്കി. തുടർന്ന് ജബ്ബാർ മങ്കരയുടെ നേതൃത്വത്തിൽ രണ്ടാഴ്ചയോളം ഭക്ഷണവും അന്തിയുറങ്ങാനുള്ള സ്ഥലവും ഏർപ്പാടാക്കി നൽകി. തുടർന്ന് ഇയാൾ നൽകിയ വിവരങ്ങൾ പ്രകാരം ശിവറാമിന്റെ വീട്ടുകാരെ കണ്ടെത്തി.
തുടർന്ന് ശിവറാമിനെ തേടി ബന്ധുക്കൾ ഇവിടെയെത്തുകയും ചെയ്തു. യാത്രക്കായുള്ള പണവും നൽകിയാണ് ശിവറാമിനെ ബന്ധുക്കളോടൊപ്പം ജബ്ബാർ മങ്കര യാത്രയയച്ചത്.

