പണിതിട്ടും തീരാതെ പോത്തുണ്ടി ഡാം കുടിവെള്ള പദ്ധതി
text_fieldsപോത്തുണ്ടി ഡാം കുടിവെള്ള പദ്ധതിയുടെ പമ്പിങ് സ്റ്റേഷൻ ഉൾപ്പെടുന്ന പോത്തുണ്ടിയിലെ
ഓഫിസ് സമുച്ചയം
ആലത്തൂർ: പോത്തുണ്ടി ഡാമിൽ നിന്ന് ആറ് പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുന്നതിന് നടപ്പാക്കുന്ന സമഗ്ര പദ്ധതിയുടെ അവസാനഘട്ട പ്രവൃത്തി തീർത്തിട്ടും തീരുന്നില്ല. 2024 മാർച്ചിൽ കമീഷൻ ചെയ്യാൻ കഴിയുമെന്ന വിശ്വാസത്തിലായിരുന്നു ജല അതോറിറ്റി പദ്ധതി നിർവഹണ വിഭാഗം.
നെന്മാറ, അയിലൂർ, മേലാർക്കോട് പഞ്ചായത്തുകളിലേക്ക് നിലവിൽ നടപ്പാക്കിയ പദ്ധതിക്ക് പുറമെ എലവഞ്ചേരി, പല്ലശ്ശന, എരിമയൂർ, ആലത്തൂർ, കാവശ്ശേരി, പുതുക്കോട് പഞ്ചായത്തുകളിലേക്ക് കൂടി ജലം എത്തിക്കുന്ന കിഫ്ബിയുടെ 180 കോടിയുടെ പദ്ധതിയാണ് പോത്തുണ്ടി ഡാം കുടിവെള്ള പദ്ധതി. പൊതുമരാമത്ത് വകുപ്പിനും മറ്റും നൽകേണ്ട തുക ഉൾപ്പെടുത്തി 274 കോടിയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. ഹൈദറാബാദ് ആസ്ഥാനമായ കമ്പനിയാണ് നിർമാണ കരാർ എടുത്തിട്ടുള്ളത്.
രണ്ടു പഞ്ചായത്തുകളിലുണ്ടായിരുന്ന സാങ്കേതിക തടസ്സങ്ങളാണ് ഒരു ഘട്ടത്തിൽ വൈകാൻ കാരണമായത്. പിന്നീടത് ഒഴിവാക്കിയെടുത്തു. പൈപ്പ് സ്ഥാപിക്കുന്ന പണികൾ അവസാന ഘട്ടത്തിലാണ്. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് പൊളിക്കുന്ന കാര്യത്തിലായിരുന്നു എലവഞ്ചേരി, പല്ലശ്ശന പഞ്ചായത്തുകളിൽ തടസ്സം. റോഡരികിൽ ചാലെടുക്കണമെങ്കിൽ പാതകളുടെ നിർമാണശേഷം ഒരു വർഷം കഴിയണമെന്നതാണ് പൊതുമരാമത്ത് വകുപ്പ് വ്യവസ്ഥ. ഇതാണ് വിനയായത്.
ഡാമിന് മുൻഭാഗത്ത് 17.58 കോടി ചെലവിൽ 26 ദശലക്ഷം ലിറ്റർ ജലശുദ്ധികരണശാലയുടെ നിർമാണം പൂർത്തിയായി. എലവഞ്ചേരി പഞ്ചായത്തിലേക്കുള്ള വെങ്കായപാറയിലെ 10 ലക്ഷം ലിറ്റർ ജലസംഭരണിയിലേക്ക് വെള്ളം പമ്പ് ചെയ്ത് എത്തിച്ചു.
പല്ലശ്ശന, എരിമയൂർ പഞ്ചായത്തിലേക്കുള്ള പല്ലാവൂർ കുന്നിൻമുകളിലെ 33 ലക്ഷം ലിറ്റർ സംഭരണ ടാങ്കിലേക്കും ആലത്തൂർ, കാവശ്ശേരി, പുതുക്കോട് പഞ്ചായത്തുകളിലേക്കുള്ള ആലത്തൂർ വെങ്ങന്നൂർ നെരങ്ങാംപാറ കുന്നിൻമുകളിൽ നിർമാണത്തിലുള്ള 40 ലക്ഷം ലിറ്റർ സംഭരണിയിലേക്കും വെള്ളം എത്തിക്കണം. അതിന്റെ അവസാന ഘട്ട പ്രവൃത്തികൾ നടന്നുവരുന്നു.
വെങ്ങന്നൂർ മരുതംതടം റോഡും ആലത്തൂർ ക്രസന്റ് ആശുപത്രി റോഡും പൊളിച്ച് പൈപ്പ് സ്ഥാപിക്കാൻ സാങ്കേതിക തടസ്സം വന്നതാണ് കാലതാമസത്തിന് മറ്റൊരു കാരണമായത്. വെങ്ങന്നൂർ ടാങ്കിലേക്കും വെള്ളം എത്തിക്കാൻ പ്രവൃത്തി നടന്നു വരുന്നു.
പൈപ്പ് ശുദ്ധീകരണം കൂടി കഴിഞ്ഞാൽ ജലവിതരണം നടത്താവുന്നതാണ്. എന്നാൽ വേനൽ കനത്തതും മഴയെത്താത്തതും പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

