ഗതാഗതക്കുരുക്ക് ഒഴിയാതെ പത്തിരിപ്പാല; സിഗ്നൽ തെളിയിക്കാൻ ആര് വരും ?
text_fieldsപത്തിരിപ്പാല ടൗണിൽ കഴിഞ്ഞദിവസം വൈകീട്ടുണ്ടായ ഗതാഗതക്കുരുക്ക്
പത്തിരിപ്പാല: മൂന്ന് പഞ്ചായത്തുകളുടേയും സംഗമസ്ഥാനമായ പത്തിരിപ്പാലയിൽ ഗതാഗത കുരുക്കിന് ഇനിയും പരിഹാരമായില്ല. കുരുക്കിന് പരിഹാരം കാണാൻ കെട്ടിഘോഷിച്ച് നടപ്പാക്കിയ ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം നാളിതുവരെ പ്രവർത്തനക്ഷമമായില്ല.
മഞ്ഞ ലൈറ്റ് മാത്രമാണ് കത്തുന്നത്. മാസങ്ങളായി സിഗ്നൽ സംവിധാനം നിലവിൽ വന്നിട്ട്. ഇതിന് ശേഷംവന്ന ലക്കിടി കൂട്ടുപാതയിലെ സിഗ്നൽ പ്രവർത്തനം തുടങ്ങി. ഒന്നുരണ്ട് ദിവസം ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായെങ്കിലും പിന്നീട് എല്ലാം ശരിയായി.
പത്തിരിപ്പാലയിലെ സിഗ്നൽ പ്രവർത്തിക്കാൻ പലതവണ മണ്ണൂർ പഞ്ചായത്ത് മുഖേന യോഗം നടന്നെങ്കിലും ഇന്നേവരെ ഒരു നടപടിയും ഇല്ല. എപ്പോൾ പ്രവർത്തനം തുടങ്ങും എന്ന് ചോദിച്ചാൽ ആർക്കും ഉത്തരമില്ല. ബന്ധപ്പെട്ട മന്ത്രി തന്നെ ഇടപെട്ടാലെ കാര്യം മുറപോലെ നടക്കൂ അല്ലെങ്കിൽ സിഗ്നൽ നോക്കുകുത്തിയായി മാറാനാണ് സാധ്യത.

