വിവാഹവേദിയിൽനിന്ന് സമരപ്പന്തലിലെത്തി നവദമ്പതികൾ
text_fieldsനവദമ്പതികളായ അരുണും സ്നേഹയും സമരപന്തലിൽ വിറക് ഏറ്റുവാങ്ങുന്നു
മണ്ണാര്‍ക്കാട് (പാലക്കാട്): വിവാഹവേദിയിൽനിന്ന് നേരെ സമരപ്പന്തലിലെത്തി നവദമ്പതികൾ. പാചകവാതക വിലവർധനക്കെതിരെ യൂത്ത് കോൺഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ വിറക് വിതരണ സമരവേദിയിലാണ് നവദമ്പതികളായ യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റും നഗരസഭ കൗണ്‍സിലറുമായ അരുണ്‍ കുമാര്‍ പാലകുറുശ്ശിയും ഭാര്യ സ്നേഹയും എത്തിയത്.
ഇരുവരും സമരത്തിൽ പങ്കെടുത്ത് വിറക് ഏറ്റുവാങ്ങി. വ്യാഴാഴ്ച രാവിലെ 10.30ന് അരകുറുശ്ശി ഉദയർകുന്ന് ഭഗവതി ക്ഷേത്രത്തിലായിരുന്നു ഇവരുടെ താലികെട്ട്. ജില്ല യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.എച്ച്. ഫിറോസ് ബാബു സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം ഭാരവാഹികളായ ആഷിഖ് വറോടന്‍, ഷാനു നിഷാനു, നസീര്‍ മാസ്റ്റര്‍, നസീഫ് പാലക്കഴി, ഹാരിസ് തത്തേങ്ങലം, ടിജോ പി. ജോസ്, അന്‍വര്‍ കണ്ണംകുണ്ട്, സുധീര്‍ കാപ്പുപറമ്പ്, കബീര്‍ ചങ്ങലീരി, നസറുദ്ദീന്‍ കീടത്ത്, കണ്ണന് മൈലാമ്പാടം, വി.വി. മുഹമ്മദ് എന്നിവർ പങ്കെടുത്തു.

