താണ്ഡവമാടി കാട്ടാനകൾ; മുതലമടയിലും കൊല്ലങ്കോട്ടിലും വ്യാപക കൃഷിനാശം
text_fieldsമുതലമട: കൂട്ടമായെത്തിയ കാട്ടാനകൾ വ്യാപകമായി കൃഷി നാശം വരുത്തി. ചെമ്മണാമ്പതി അരസ്മരത്ത് കാട്ടിലും കൊല്ലങ്കോട് തേക്കിൻചിറയിലുമാണ് കൃഷി നാശംവരുത്തിയത്. ചെമ്മണാമ്പതി അരസ്മരത്ത്ക്കാട്, പെരിയസാമി മീനാക്ഷി ദമ്പതികളുടെ തോട്ടത്തിലെ 20 ലധികം തെങ്ങുകൾ നശിപ്പിച്ചു. 32 മാവുകളും തകർത്തു. അഞ്ച് വൈദ്യുതി പോസ്റ്റുകളും നശിപ്പിച്ചു.
മുതലമട പഞ്ചായത്ത് പ്രസിഡന്റ് പി. കൽപനദേവി, വൈസ് പ്രസിഡന്റ് താജുദ്ദീൻ എന്നിവർ സ്ഥലം സന്ദർശിച്ചു. കെ.എസ്.ഇ.ബി അധികൃതരെത്തി പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചു. തുടരെയുള്ള ആനയുടെ പരാക്രമണം കൃഷി നാശം ഉണ്ടാക്കുന്നതിന് പുറമെ ജീവന് ഭീഷണിയാകുന്നതായും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
കൊല്ലങ്കോട്ടിൽ തേക്കിൻചിറകളം പി. രതീഷ്, വി. സജീഷ് എന്നിവരുടെ കൊയ്യാറായ നെൽകൃഷി കാട്ടാന കൂട്ടം നശിപ്പിച്ചിരുന്നു. ഒന്നര മാസത്തോളമായി കാട്ടാനകൾ തെന്മലയോര പ്രദേശത്ത് വ്യാപക നാശം വരുത്തുകയാണ്.

