വീട് ലഭിച്ചില്ല; കുടുംബം ഒറ്റമുറി ഓലഷെഡിൽ
text_fieldsപറളി: പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ മനക്കമ്പാട് രമേഷും ഭാര്യ സുജിതയും മക്കളായ സുചിത്രയും സുമിത്രയും അടങ്ങുന്ന നാലംഗ കുടുംബം 14 വർഷമായി താമസിക്കുന്നത് ഒറ്റമുറി ഓലഷെഡിൽ.
കഴിഞ്ഞ പ്രളയത്തിൽ ഇവരുടെ ഒറ്റമുറി ഓലഷെഡ് തകർന്നശേഷം മേൽക്കൂരയിൽ പ്ലാസ്റ്റിക് ഷീറ്റിട്ടു. ഭക്ഷണംവെപ്പും കുട്ടികളുടെ പഠനവും കിടത്തവും എല്ലാം ഒറ്റമുറി ഷെഡിലാണ്.
കാറ്റ് വീശിയാൽ ഓലഷെഡ് ഇളകിയാടും. എല്ലാവർഷവും മുറപോലെ അപേക്ഷ നൽകാറുണ്ടെങ്കിലും രമേശും കുടുംബവും ഗുണഭോക്തൃപട്ടികക്ക് പുറത്താണ്.
സ്വന്തമായി അടച്ചുറപ്പുള്ളൊരു വീടെന്ന സ്വപ്നം എന്ന് സാക്ഷാത്കരിക്കുമെന്നറിയാതെ നെടുവീർപ്പോടെ കഴിയുകയാണ് ഇൗ നിർധന കുടുംബം.

