മലമല്‍കാവ് ചെങ്കല്‍ ഖനനത്തിന് ഹൈകോടതി സ്റ്റേ
text_fieldsമലമല്‍കാവില്‍ നടക്കുന്ന ചെങ്കൽ ഖനനം
കൂറ്റനാട്: ആനക്കര വില്ലേജ് പരിധിയിലെ മലമല്കാവിലെ ചെങ്കല്‍ ഖനനം ഹൈകോടതി തടഞ്ഞു. പ്രദേശവാസികളുടെ പരാതിയിലാണ് ജസ്റ്റിസ് വിജു എബ്രഹാം ഉത്തരവിട്ടത്. ഒരു മാസം മുമ്പാണ് പ്രദേശത്തെ ജനവാസകേന്ദ്രത്തില്‍ അനധികൃത ചെങ്കല്‍ ഖനനം തുടങ്ങിയത്. ഇതിനെതിരെ നാട്ടുകാര്‍ രംഗത്തെത്തിയെങ്കിലും ഉന്നത സ്വാധീനം ഉപയോഗിച്ച് എതിര്‍പ്പിനെ മറികടന്ന് ഖനനം നടത്തിവന്നു. കലക്ടര്‍, റവന്യൂ, ജിയോളജി, പൊലീസ് തുടങ്ങിയ അധികാരികളെ കൂടി കക്ഷിചേര്‍ത്താണ് ഹൈകോടതി നടപടി. നേരത്തെ പട്ടാമ്പി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും അതൊന്നും വിലക്കെടുക്കാതെ നിര്‍ബാധം ഖനനം തുടര്‍ന്നതോടെയാണ് പ്രദേശവാസികള്‍ ഹൈകോടതിയെ സമീപിച്ചത്. അതേസമയം, കോടതി ഉത്തരവ് വന്നിട്ടും ഖനനം നിര്‍ത്തിവെക്കുന്നില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. കോടതി അലക്ഷ്യത്തിനെതിരെ വീണ്ടും നീതിപീഠത്തെ സമീപിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു.

