കനത്ത മഴ; പാലങ്ങൾ വെള്ളത്തിനടിയിലായി
text_fieldsവെള്ളത്തിനടിയിലായ കണ്ണംകുണ്ട് കോസ് വേ
അലനല്ലൂർ: ഉപ്പുകുളം, തിരുവിഴാംകുന്ന് മലയോര മേഖലകളിൽ കനത്ത മഴ. തോടുകളും പുഴകളും കരകവിഞ്ഞൊഴുകി. വെള്ളിയാർ പുഴയിലെ വാക്കേൽ കടവ്, കൈരളി, കണ്ണംകുണ്ട് കോസ്‌വേ എന്നിവ വെള്ളത്തിനടിയിലായി.
പുളിയംതോട്ടിലും അരിയൂർ തോട്ടിലും ശക്തമായ വെള്ളപാച്ചിലുണ്ടായി. ഞായറാഴ്ച രാത്രിയാണ് അഞ്ചോളം പാലങ്ങൾ വെള്ളത്തിനടിയിലായത്. തിങ്കളാഴ്ച വൈകീട്ട് നാലോടെയുളള മലവെള്ളപ്പാച്ചിലിനെ തുടർന്ന് വെള്ളിയാർ പുഴയിലെ കണ്ണംകുണ്ട് കോസ് വേ പൊലീസ് ബ്ലോക്ക് ചെയ്തു.
ഇതോടെ അലനല്ലൂർ ഭാഗത്ത് നിന്നുള്ള യാത്രക്കാർ ഉണ്ണിയാൽ പാലക്കടവ് വഴിയാണ് എടത്തനാട്ടുകരയിൽ എത്തിയിരുന്നത്.മലയോര മേഖലകളിൽ മലവെള്ളപാച്ചിൽ ശക്തമായ വിവരം സമൂഹ മാധ്യമങ്ങളിലൂടെ താഴ്ഭാഗത്തുള്ളവരെ അറിയിച്ചു. ഇതോടെ തോട്ടിലും പുഴയിലും കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി ഇറങ്ങിയവർ രക്ഷാമാർഗ്ഗങ്ങൾ സ്വീകരിച്ചതോടെ അപകടങ്ങളൊന്നും ഉണ്ടായില്ല.

