അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച വയോധികന് ഇരട്ട ജീവപര്യന്തവും പിഴയും
text_fieldsപാലക്കാട്: കർണാടക സ്വദേശിയായ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച വയോധികന് ഇരട്ട ജീവപര്യന്തം കഠിനതടവും 38 വർഷം അധിക തടവും 1,75,000 രൂപ പിഴയും.
എരുത്തിയാമ്പതി തരകൻകളം വില്ലൂന്നിയിൽ കെ.കെ. കന്തസ്വാമിക്കാണ് (77) പാലക്കാട് ഫാസ്റ്റ് ട്രാക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ടി. സഞ്ജു ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കിൽ രണ്ടുവർഷം അധിക തടവ് അനുഭവിക്കണം. 2023 ഡിസംബർ 26ന് രാത്രിയാണ് സംഭവം. നടുപുണി ചെക്ക് പോസ്റ്റിന് മുൻവശം വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന ബാലികയെയാണ് പീഡിപ്പിച്ചത്.
കൊഴിഞ്ഞാമ്പാറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 57 ദിവസം കൊണ്ട് കുറ്റപത്രം സമർപ്പിച്ചു. 140 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സി. രെമിക ഹാജരായി.
കൊഴിഞ്ഞാമ്പാറ പൊലീസ് സ്റ്റേഷൻ എസ്.സി.പി.ഒ നൗഷാദ്, ലെയ്സൻ ഓഫിസർ എ.എസ്.ഐ സതി എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പിഴത്തുക കൂടാതെ അതിജീവിതക്ക് അധിക ധനസഹായത്തിനും വിധിയായി.

