പന്നി ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്
text_fieldsബൈക്കിൽ പന്നിയിടിച്ച്
പരിക്കേറ്റ് ചികിത്സയിലുള്ള അഭിലാഷ്
വടവന്നൂർ: കൂത്തമ്പാക്ക് റെയിൽവേ ഗേറ്റ് സമീപം പന്നി ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്. പുല്ലുവായ് കുളമ്പ് കെ. അഭിലഷിനാണ് (40) ബുധനാഴ്ച പുലർച്ചെ നാലരയോടെ പന്നിയിടിച്ച് പരിക്കേറ്റത്. കൊല്ലങ്കോട് മീങ്കര പദ്ധതിയുടെ പമ്പ് ഓപറേറ്ററായ അഭിലാഷ് വെള്ളം തുറന്നുവിടാനായി വീട്ടിൽനിന്ന് പോകുന്ന വഴിയാണ് പന്നിയെ കണ്ടത്.
പന്നിയെ കണ്ടപ്പോൾ വാഹനം നിർത്തി. റോഡ് മുറിച്ച് കടന്നുപോയ പന്നി അതിവേഗത്തിൽ തിരിച്ചെത്തി ബൈക്ക് കുത്തി മറിച്ചിടുകയാണുണ്ടായത്.
തലക്ക് പരിക്കേറ്റ് ബോധക്ഷയമായി കിടന്ന അഭിലാഷിനെ അതുവഴി വന്ന യാത്രക്കാരാണ് കൊല്ലങ്കോട് ആശുപത്രിയിലെത്തിച്ചത്.
തുടർന്ന് ജില്ല ആശുപത്രിയിലേക്ക് മാറ്റി. കൂത്തമ്പാക്ക് പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം വർധിച്ചതിനാൽ പന്നിയെ വെടിവെച്ച് കൊല്ലാൻ പഞ്ചായത്ത് അധികൃതർ നടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

