വാഹനം ഇല്ലാതായിട്ട് രണ്ട് വർഷം; അലനല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് അധികച്ചെലവ്
text_fieldsഅലനല്ലൂരിലെ സാമൂഹികാരോഗ്യ കേന്ദ്രം
അലനല്ലൂർ: അലനല്ലൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ വാഹന ഉപയോഗം നിലച്ചിട്ട് രണ്ട് വർഷത്തിലേറെയായി. 15 വർഷം പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന സർക്കാർ ഉത്തരവിനെ തുടർന്നാണ് ആശുപത്രിയിലെ പല ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്ന ജീപ്പ് ഒഴിവാക്കിയത്. ഇതോടെ വാഹനം വാടകക്ക് എടുത്താണ് ഇവിടേക്കുള്ള മരുന്നുകൾ എത്തിക്കുന്നത്.
അലനല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തിക്കുന്ന മരുന്നുകൾ എട്ട് പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് കൈമാറുകയാണ് പതിവ്. കോട്ടോപ്പാടം, കുമരംപുത്തൂർ, തെങ്കര, കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കാരാകുർശ്ശി, തച്ചനാട്ടുകര പഞ്ചായത്തുകളിലെ ആരോഗ്യ കേന്ദ്രങ്ങളിലേക്കാണ് മരുന്ന് എത്തിക്കുന്നത്. ആശുപത്രിയിലെ ദൈനം ദിന ചെലവുകളിലേക്ക് ഉപയോഗിക്കുന്ന ഫണ്ടിൽ നിന്നാണ് വാഹന വാടക നൽകുന്നത്. പുതിയ വാഹനം ലഭിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാറിനും, സ്ഥലം എം.എൽ.എക്കും മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് അപേക്ഷ നൽകിയെങ്കിലും അനുകൂല തീരുമാനം കിട്ടിയിട്ടില്ലെന്ന് ജനപ്രതിനിധികൾ പറഞ്ഞു.

