വളാഞ്ചേരിയിൽ സ്വകാര്യ ബസ് മറിഞ്ഞു; എട്ടുപേർക്ക് പരിക്ക്
text_fieldsവളാഞ്ചേരി: ടൗണിൽ സ്വകാര്യ ബസ് മറിഞ്ഞ് എട്ടുപേർക്ക് നിസ്സാര പരിക്കേറ്റു. വളാഞ്ചേരി-പെരിന്തൽമണ്ണ റോഡിൽ പൊലീസ് സ്റ്റേഷൻ റോഡ് ജങ്ഷന് സമീപത്തായിരുന്നു അപകടം. നിയന്ത്രണംവിട്ട ബസ് സമീപത്തെ സ്വകാര്യ ആശുപത്രിക്കു മുൻവശത്തെ വിളക്കുകാൽ ഇടിച്ചുതകർത്താണ് മറിഞ്ഞത്. വളാഞ്ചേരിയിൽനിന്ന് കരേക്കാട് വഴി പടപ്പറമ്പിലേക്ക് പോകുന്ന ബസാണ് അപകടത്തിൽപെട്ടത്. വെള്ളിയാഴ്ച രാവിലെ 10നാണ് അപകടം.
കുറഞ്ഞ യാത്രക്കാർ മാത്രമേ ബസിൽ ഉണ്ടായിരുന്നുള്ളൂ. സി.കെ. ആദിൽ (18), സി.കെ. വിശ്വനാഥൻ (60), പ്രജിത വലിയകുന്ന് (33), ഷീബ വലിയകുന്ന് (34), സന്തോഷ് ഒറ്റപ്പാലം (37), വത്സല വൈക്കത്തൂർ (59), റഫാർ നടക്കാവ്, സുൽഫത്ത് വെങ്ങാട് എന്നിവർക്കാണ് പരിക്കേറ്റത്.ഇവർ വളാഞ്ചേരിയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.

