വളാഞ്ചേരി ടൗണിലെ കുഴികൾ അപകടഭീഷണിയാകുന്നു
text_fieldsവളാഞ്ചേരി ടൗണിൽ പെരിന്തൽമണ്ണ റോഡിലെ കുഴികൾ
വളാഞ്ചേരി: വളാഞ്ചേരി ടൗണിൽ പെരിന്തൽമണ്ണ റോഡിൽ രൂപപ്പെട്ട കുഴികൾ ഇരുചക്രവാഹനങ്ങൾക്കുൾപ്പെടെ അപകട ഭീഷണിയാകുന്നു. നഗരസഭ ഷോപ്പിങ് കോംപ്ലക്സിന് സമീപം സംസ്ഥാനപാതയിലാണ് നിരവധി കുഴികൾ രൂപപ്പെട്ടത്. ചെറുതും വലുതുമായി എട്ടോളം കുഴികളുണ്ട്. കാലവർഷം ആരംഭിച്ചതോടെ വെള്ളം കെട്ടി നിന്ന് കുഴികളുടെ വലുപ്പം കൂടി വരികയാണ്. വെള്ളം കെട്ടി നിന്ന് അപകടസാധ്യത വർധിക്കുന്നു. മുമ്പിൽ പോവുന്ന വാഹനങ്ങൾ പെട്ടെന്ന് നിർത്തുന്നതിനാൽ പുറകിൽ വരുന്ന വാഹനങ്ങളിടിക്കാനും സാധ്യതയേറെയാണ്. വളാഞ്ചേരിയിലേയും, പെരിന്തൽമണ്ണയിലേയും ആശുപത്രികളിലേക്ക് അത്യാസന്ന നിലയിൽ രോഗികളെ കൊണ്ടുപോകുന്ന പ്രധാന റോഡ് കൂടിയാണിത്. ദുരന്തങ്ങൾ സംഭവിക്കുന്നതിന് മുമ്പ് കുഴികൾ അടയ്ക്കാൻ നടപടി വേണമെന്നാവശ്യം ശക്തമാണ്.

