ചിക്കൻ കറിക്കും പൊറോട്ടക്കും ഇവിടെ രാഷ്ട്രീയമില്ല
text_fieldsതേഞ്ഞിപ്പലം: രാഷ്ട്രീയം ഏതുമായി കൊള്ളട്ടെ തെരഞ്ഞെടുപ്പ് ദിവസം കൂമണ്ണയിലേക്ക് വരൂ. ചൂടുള്ള ചിക്കൻ കറിയും കൂട്ടി പൊറോട്ട കഴിച്ചിട്ട് പോവാം. മൂന്ന് പതിറ്റാണ്ടായി പെരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ കൂമണ്ണ പൂവത്തിൻമാടാണ് യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇത്തരത്തിൽ സൗജന്യമായി ഭക്ഷണം നൽകിവരുന്നത്.
ത്രിതല പഞ്ചായത്ത്, ലോക്സഭ തെരഞ്ഞെടുപ്പ് ഏതുമായിക്കോട്ടെ പൊറോട്ടയും ചിക്കൻ കറിയും ആർക്കും വന്നുകഴിക്കാം. രാവിലെ ഏഴുമുതൽ ഉച്ചക്ക് ഒരുമണി വരെയാണ് ഭക്ഷണ വിതരണം. തീരുന്നതിന് അനുസരിച്ചു പൊറോട്ടയും കറിയും ഉണ്ടാക്കാനും ആളുകൾ ഇവിടെ തയാറാണ്. പാറായി മുഹമ്മദ്, ചെമ്പൻ മുഹമ്മദ്, കെ.ടി. കുഞ്ഞു എന്നിവരാണ് നേതൃത്വം നൽകുന്നത്.

