മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്
text_fieldsപരിക്കേറ്റ തൊഴിലാളികൾ ആശുപത്രിയിൽ
ആലപ്പുഴ: മത്സ്യബന്ധന വള്ളം കടലിൽ ഇറക്കുന്നതിനിടെ കൂറ്റൻ തിരമാലയിൽപെട്ട് മറിഞ്ഞ് രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. വാടക്കൽ ഈരേശേരിൽ ടോമി (53), വാടക്കൽ മാവേലി തയ്യിൽ ആന്റണി (53) എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച പുലർച്ച 4.30ന് വാടക്കൽ കടൽത്തീരത്തായിരുന്നു അപകടം.
ഏഴ് തൊഴിലാളികളുമായി ജോലിക്ക് പുറപ്പെടുന്നതിനിടെ ‘ഈരേശേരിൽ’ എന്ന വള്ളമാണ് അപകടത്തിൽപെട്ടത്. കടലിലേക്ക് തള്ളി ഇറക്കുമ്പോൾ കൂറ്റൻ തിരമാലയിലും കാറ്റിലുംപെട്ട് തിരികെ കരയിലേക്ക് എത്തി മറിയുകയായിരുന്നു. കാൽ വള്ളത്തിനടിയിൽപെട്ടാണ് ഇരുവർക്കും പരിക്കേറ്റത്.ഇരുവരെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റ തൊഴിലാളികൾക്ക് മത്സ്യഫെഡ് ചെയർമാന്റെ ദുരിതാശ്വാസനിധിയിൽനിന്ന് 5000 രൂപ വീതം അടിയന്തര സഹായം നൽകി. എച്ച്. സലാം എം.എൽ.എ ആശുപത്രിയിലെത്തിയാണ് സഹായധനം കൈമാറിയത്.

