കുട്ടികളുടെ പരാതിയിൽ നടപടി സ്വീകരിച്ച് സ്പീക്കർ
text_fieldsതിരൂരങ്ങാടി ഈസ്റ്റ് ബസാറിലെ തുരുമ്പിച്ച വൈദ്യുതി പോസ്റ്റുകൾ കെ.എസ്.ഇ.ബി അധികൃതർ മാറ്റുന്നു
തിരൂരങ്ങാടി: കുട്ടികൾ നൽകിയ പരാതിയിൽ നടപടി സ്വീകരിച്ച് സ്പീക്കർ എം.ബി. രജേഷ്. നവംബർ 25ന് തിരൂരങ്ങാടി കലാകേന്ദ്രയുടെ ഉദ്ഘാടനത്തിന് സ്പീക്കർ എത്തിയപ്പോഴാണ് കെ. മിസ്ഹബ്, സയാൻ കൊഴിക്കൽ, പി.പി. സഫ്റാസ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ ഓടിയെത്തി തങ്ങളുടെ കളി സ്ഥലത്തിനും വീടിനോടും ചേർന്നുള്ള തുരുമ്പിച്ച വൈദ്യുതി പോസ്റ്റുകൾ മാറ്റാൻ നടപടി ആവശ്യപ്പെട്ടത്.
പരാതി കേട്ട സ്പീക്കർ ഉടനടി നടപടി ഉണ്ടാകുമെന്ന് കുട്ടികൾക്ക് ഉറപ്പു നൽകി. പ്രശ്നത്തിൽ ഇടപെടാൻ തൊട്ടടുത്തുണ്ടായിരുന്ന സി.പി.എം തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗം അഡ്വ. സി. ഇബ്രാഹിം കുട്ടിയോട് സ്പീക്കർ നിർദേശിക്കുകയും ചെയ്തു. നടപടി വേഗത്തിലായില്ലെങ്കിൽ ശ്രദ്ധയിൽപ്പെടുത്തണമെന്നും സ്പീക്കർ കുട്ടികളോട് പറഞ്ഞു.
സ്പീക്കർ പോയ ഉടൻ അഡ്വ. സി. ഇബ്രാഹിംകുട്ടി കെ.എസ്.ഇ.ബി അധികൃതരെ ബന്ധപ്പെട്ട് പരാതി ശ്രദ്ധയിൽപ്പെടുത്തി. ഇതേ തുടർന്നാണ് തിരൂരങ്ങാടി ഈസ്റ്റ് ബസാറിലെ തുരുമ്പെടുത്ത ആറ് വൈദ്യുതി പോസ്റ്റുകൾ മാറ്റാൻ തീരുമാനിച്ചത്.
പോസ്റ്റുകൾ മാറ്റുന്നതിനുള്ള പ്രവർത്തനവും ആരംഭിച്ചു. കുഞ്ഞുങ്ങളുടെ പരാതി സ്പീക്കർ വളരെ ഗൗരവത്തിൽ പരിഗണിച്ച സന്തോഷത്തിലാണ് നാട്ടുകാർ.

