റോഡിലേക്ക് മണ്ണ് ഒലിച്ചിറങ്ങി; യാത്രക്കാർ ദുരിതത്തിൽ
text_fieldsഞാവൽപടിക്ക് സമീപം മഴയിൽ റോഡിലേക്ക് കുത്തിയൊലിച്ച മണ്ണ്
മേലാറ്റൂർ: വേനൽമഴയിൽ മണ്ണും ചരലും റോഡിലേക്ക് ഒലിച്ചിറങ്ങിയത് യാത്രക്കാർക്ക് ദുരിതമായി. വേങ്ങൂർ എം.ഇ.എ എൻജിനീയറിങ് കോളജിനടുത്ത് ഞാവൽപടിക്ക് സമീപമാണ് സംഭവം. പുലാമന്തോൾ-മേലാറ്റൂർ റോഡിന്റെ നവീകരണം ഇഴഞ്ഞുനീങ്ങുന്നതാണ് യാത്രക്കാർ ദുരിതത്തിലാകാൻ കാരണം.
റോഡിന്റെ ഇരുവശത്തുമുള്ള അഴുക്കുചാൽ നിർമാണം പൂർത്തിയാകാത്തത് കാരണം മഴ പെയ്താൽ ചളിയും വെള്ളവും മണ്ണും മുഴുവൻ റോഡിലൂടെ പരന്ന് ഒഴുകുകയാണ്. ഇവ റോഡിൽ അടിഞ്ഞുകൂടിയത് കാരണം ബൈക്ക് യാത്രക്കാരടക്കം അപകടത്തിൽപെടുന്നത് നിത്യസംഭവമായി.
റോഡിൽ അടിഞ്ഞുകൂടിയ മണ്ണ് കുറെയൊക്കെ സമീപവാസികൾ നീക്കിയെങ്കിലും പൂർണമായും മാറ്റാൻ സാധിച്ചിട്ടില്ല. മഴ മാറി വെയിൽ ആയതോടെ പൊടിശല്യവുമുണ്ട്. മഴ ശക്തമാകും മുമ്പ് റോഡിന്റെ നവീകരണം പൂർത്തിയാക്കി യാത്ര സുഗമമാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

