മഴ: അപകടാവസ്ഥയിൽ അരിക്കാഞ്ചിറ നടപ്പാലം
text_fieldsമഴ ശക്തമായതോടെ അപകടാവസ്ഥയിലായ അരിക്കാഞ്ചിറ
നടപ്പാലം
തിരൂർ: അരിക്കാഞ്ചിറ ആവിപുഴക്ക് കുറുകെയുണ്ടായിരുന്ന കോൺക്രീറ്റ് പാലം തകര്‍ന്നതിന് പിന്നാലെ നിർമിച്ച നടപ്പാലവും അപകടാവസ്ഥയില്‍. മഴ ശക്തമായതോടെ ആവിപുഴ നിറഞ്ഞ് കവിഞ്ഞ് നടപ്പാലം ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന നിലയിലാണ്. വെട്ടം പഞ്ചായത്തിലെ 19, 20 വാര്‍ഡുകളെ ബന്ധിപ്പിച്ചാണ് നടപ്പാലം നിർമിച്ചത്. അരിക്കാഞ്ചിറയിലെ ആവിപുഴക്ക് കുറുകെയുള്ള നടപ്പാലം നാലുവര്‍ഷം മുമ്പ് ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസത്തിനകം തകര്‍ന്നു വീണിരുന്നു.
നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി പാലം തകർന്ന ഉടനെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നെങ്കിലും കാര്യമായ അന്വേഷണം പോലും ഉണ്ടായില്ല. എന്‍.ആര്.ജി.എസ് ഫണ്ടായ അഞ്ച് ലക്ഷം രൂപ ഉപയോഗിച്ചാണ് പാലം നിര്‍മിച്ചിരുന്നത്. ആവിപുഴക്ക് കുറുകെ പാലം വന്നതോടെ സമീപവാസികള്‍ അപ്രോച്ച് റോഡ് വീതി കൂട്ടുന്നതിന് സ്ഥലം വിട്ടുകൊടുക്കാൻ സന്നദ്ധരായിരുന്നു. അതിനിടയിലാണ് പാലം തകര്‍ന്ന് വീണത്. തുടര്‍ന്ന് നിർമിച്ച നടപ്പാലവും ഏതുനിമിഷവും തകര്‍ന്ന് വീഴാവുന്ന നിലയിലാണ്. പുതിയ പാലം എത്രയും വേഗം യാഥാര്‍ഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

