86ാം വയസ്സിലും നീലിയമ്മായി പാടത്ത് സജീവമാണ്
text_fieldsനീലി അമ്മായി പാടശേഖരത്തിൽ
കാർഷികരംഗത്ത് നീലി അമ്മായിക്ക് പ്രായം വെറും അക്കങ്ങൾ മാത്രമാണ്. മൂന്ന് തലമുറകൾക്ക് കാർഷികവൃത്തിയിൽ വഴികാട്ടിയായ നീലി 86ാം വയസ്സിലും പാടത്ത് സജീവസാന്നിധ്യമാണ്.
നാട്ടുകാരുടെ നീലി അമ്മായി 11ാം വയസ്സിലാണ് പാടത്തേക്കിറങ്ങിയത്. കോലളമ്പ് ചേമ്പിൽപടി സ്വദേശിയായ പള്ളിത്തിലായിൽ നീലി 11ാം വയസ്സിലാണ് വിവാഹിതയായി പൊന്നാനി ചെറുവായ്ക്കരയിൽ എത്തിയത്.
അക്കാലത്ത് ചമ്രവട്ടം ജങ്ഷൻ മുതൽ ബിയ്യം വരെയുള്ള എല്ലാ പാടശേഖരങ്ങളിലും ഞാറുനടീലും കൊയ്ത്തും മറ്റു കൃഷിപ്പണികളുമായി നീലി കാർഷികരംഗത്ത് സജീവമായി. മൂന്ന് തലമുറകൾക്കൊപ്പം കൃഷിചെയ്ത പാരമ്പര്യമുണ്ട് നീലി അമ്മായിക്ക്.
ഊപ്പാല അറുമുഖനും മകൻ ഊപ്പാല രവീന്ദ്രനുമൊപ്പം കാർഷികരംഗത്ത് സജീവമായ ഇവർ ഇപ്പോൾ അറുമുഖെൻറ കൊച്ചുമകൻ രജീഷിനൊപ്പവും സജീവമാണ്. പഴയകാലത്ത് രാവിലെ മുതൽ വൈകീട്ടു വരെ ജോലി ചെയ്താൽ മൂന്നുനാഴി അരി മാത്രം ലഭിച്ചിരുന്നിടത്തുനിന്ന് ഇപ്പോൾ കാർഷികരംഗത്ത് മികച്ച കൂലി ലഭിക്കുന്നുണ്ടെന്ന് നീലി അമ്മായി പറയുന്നു.
പ്രായം 86 പിന്നിട്ടെങ്കിലും കാര്യമായ അസുഖങ്ങളൊന്നുമില്ലാത്തത് തെൻറ കാർഷികയിടത്തിലെ ജോലിയാണെന്നാണ് നീലിയുടെ വാദം. ആരോഗ്യമുള്ളിടത്തോളം കാലം കൃഷിയിൽ തന്നെ ചെലവഴിക്കാൻ കഴിയണമെന്നാണ് നീലി അമ്മായിയുടെ പ്രാർഥന.

