പരപ്പനങ്ങാടിക്ക് പോക്സോ കോടതിയും
text_fieldsപരപ്പനങ്ങാടി: പോക്സോ കോടതി നിർമാണത്തിനു സർക്കാർ 25 ലക്ഷം രൂപ അനുവദിച്ചു. പരപ്പനങ്ങാടി കോടതി സമുച്ചയത്തിൽ പുതിയ പോക്സോ കോടതിയുടെ കെട്ടിട നിർമാണത്തിനാണ് ഭരണാനുമതി ലഭ്യമായത്. മുൻ മന്ത്രി പി.കെ. അബ്ദുറബ് ആവിഷ്കരിച്ച പദ്ധതി കെ.പി.എ. മജീദ് എം.എൽ.എയിലൂടെയാണ് യാഥാർഥ്യമായത്.
നിലവിലെ ബാർ അസോസിയേഷൻ ഹാൾ കെട്ടിടത്തിലാണ് പുതിയ കോടതി നിർമാണം ആരംഭിക്കുക. നേരത്തേ മജിസ്ട്രേറ്റ് കോടതി, മുൻസിഫ് കോടതി എന്നിവക്ക് പരിസ്ഥിതി സൗഹൃദ കെട്ടിടം നിർമിക്കാൻ 25 കോടി രൂപയുടെ അനുമതി ലഭിച്ചിരുന്നു. ഇതിനു പുറമെയാണ് പോക്സോ കോടതിക്ക് 25 ലക്ഷം രൂപയുടെ അനുമതികൂടി ലഭിച്ചത്. സമയബന്ധിതമായി നിർമാണം പൂർത്തീകരിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി കെ.പി.എ. മജീദ് എം.എൽ.എ അറിയിച്ചു.

