ലൈഫ് പദ്ധതിയിൽ മഞ്ചേരി മാതൃക; പഞ്ചായത്തിൽ ഭൂമിയുള്ളവർക്ക് വീട് നിർമിച്ച് നൽകും
text_fieldsവിവിധ പഞ്ചായത്തുകളിൽ ഭൂമി ഉള്ളവർക്ക് മഞ്ചേരി നഗരസഭ വീട് നിർമിച്ച് നൽകുന്നതിന്റെ
ഭാഗമായി സംഘടിപ്പിച്ച ഗുണഭോക്തൃ സംഗമം അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ
ഉദ്ഘാടനം ചെയ്യുന്നു
മഞ്ചേരി: ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ഭൂമി ഉള്ളവർക്ക് മഞ്ചേരി നഗരസഭ വീട് നിർമിച്ച് നൽകും. ഇതിന്റെ ആദ്യഘട്ടമെന്നോണം ഗുണഭോക്തൃ സംഗമം നടത്തി. അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ‘ലൈഫ് -2020’ ലിസ്റ്റിൽ ഉൾപ്പെട്ട നഗരസഭയിൽ സ്ഥിര താമസക്കാരും പഞ്ചായത്തുകളിൽ സ്വന്തമായി സ്ഥലമുള്ള വീടില്ലാത്തതുമായ ഗുണഭോക്താക്കൾക്കാണ് ഫണ്ട് അനുവദിക്കുക.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു നഗരസഭ പഞ്ചായത്തുകളിൽ ഭൂമിയുള്ളവർക്ക് വീട് നിർമിക്കാൻ പണം അനുവദിക്കുന്നതെന്ന് ചെയർപേഴ്സൻ വി.എം. സുബൈദ പറഞ്ഞു. 30 ഗുണഭോക്താക്കളാണ് ലിസ്റ്റിലുള്ളത്. ഇതിനായി 90 ലക്ഷം രൂപ നഗരസഭയും 30 ലക്ഷം രൂപ സംസ്ഥാന സർക്കാറും വഹിക്കും. പി.എം.എ.വൈ - ലൈഫ് ഭവന പദ്ധതി പ്രകാരം ഒമ്പത് ഡി.പി.ആറുകളിലായി നഗരസഭ ഇതുവരെ 2393 വീടുകളാണ് അനുവദിച്ചത്. ഇതിൽ 1763 വീടുകൾ പൂർത്തിയായി.
ചെയർപേഴ്സൻ വി.എം. സുബൈദ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വി.പി. ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷരായ മരുന്നൻ മുഹമ്മദ്, ടി.എം. നാസർ, എൻ.എം. എൽസി, എൻ.കെ. ഖൈറുന്നീസ, സി. സക്കീന, കൗൺസിലർ പി. വിശ്വനാഥൻ, നഗരസഭ സെക്രട്ടറി എച്ച്. സിമി, പി.എം.എ.വൈ സോഷ്യൽ ഡെവലപ്മെന്റ് സ്പെഷലിസ്റ്റ് വി. മുഹമ്മിസ്, നിർവഹണ ഉദ്യോഗസ്ഥൻ കെ.പി. സലീം, മുസ്ലിം ലീഗ് മുനിസിപ്പൽ സെക്രട്ടറി കെ.കെ.ബി മുഹമ്മദലി, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുബൈർ വീമ്പൂർ എന്നിവർ സംസാരിച്ചു.

