മലപ്പുറം മെഡിക്കൽ കോളജോ മഞ്ചേരി മെഡിക്കൽ കോളജോ..?
text_fieldsമലപ്പുറം: മഞ്ചേരിയിൽ സ്ഥിതി ചെയ്യുന്നത് മലപ്പുറം മെഡിക്കൽ കോളജാണോ അതോ മഞ്ചേരി മെഡിക്കൽ കോളജാണോ എന്ന സംശയവുമായി ജനപ്രതിനിധികൾ. ജില്ല ആസൂത്രണ സമിതി യോഗത്തിൽ മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ച ഡി.എം.ഒ 'മലപ്പുറം മെഡിക്കൽ കോളജ്' എന്നാണ് പരാമർശിച്ചത്. ഡയസിലുണ്ടായിരുന്ന ജനപ്രതിനിധികൾ 'അത് മഞ്ചേരി മെഡിക്കൽ കോളജല്ലേ..?'എന്ന സംശയമുന്നയിച്ചു.
സർക്കാർ രേഖകളിൽ മലപ്പുറം മെഡിക്കൽ കോളജാണുള്ളതെന്ന് ഡി.എം.ഒ മറുപടി നൽകി. 'മെഡിക്കൽ കോളജിന്റെ പേര് മലപ്പുറം എന്നാക്കാൻ മലപ്പുറം എം.എൽ.എ സ്വാധീനം ചെലുത്തിയോ'എന്ന ജനപ്രതിനിധികളിലൊരാളുടെ തമാശ ചോദ്യം സദസ്സിൽ ചിരി പടർത്തി. രേഖയിൽ മലപ്പുറമാണെങ്കിൽ അങ്ങനെതന്നെ നിന്നോട്ടെ എന്ന് അബ്ദുൽ ഹമീദ് എം.എൽ.എ അഭിപ്രായപ്പെട്ടു.

