ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി ശ്യാം വേങ്ങല്ലൂർ
text_fieldsകൊളത്തൂർ: കോവിഡ് കാലത്ത് പഠനം ആകർഷകമാക്കാൻ പുത്തൻ ആശയങ്ങൾക്ക് രൂപം നൽകിയ അധ്യാപകന് അംഗീകാരം. മൂർക്കനാട് എ.ഇ.എം.എ.യു.പി സ്കൂൾ അധ്യാപകനായ ശ്യാം വേങ്ങല്ലൂരാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഇടം നേടിയത്. സ്കൂളിൽ വിദ്യാർഥികൾക്കായി നടപ്പാക്കിയ ഓഗ്മെൻറഡ് റിയാലിറ്റി, ടീച്ചർ റോബോ, ക്യൂ.ആർ ഡിജിറ്റൽ മാഗസിൻ എന്നിവക്കാണ് അംഗീകാരം.
ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് അധ്യാപകരെയും വിദ്യാർഥികളെയും ഒരുപോലെ ആകൃഷ്ടരാക്കുന്ന ഓഗ്മെൻറഡ് റിയാലിറ്റി എന്ന സാങ്കേതിക വിദ്യയിലൂടെ ഇവിടുത്തെ അധ്യാപകർ ആനയെ ക്ലാസിൽ അവതരിപ്പിച്ച് വാർത്തകളിൽ ഇടം നേടിയിരുന്നു. സ്കൂളിൽ പുറത്തിറക്കിയ ക്യൂ.ആർ കോഡ് സംവിധാനം ഉപയോഗിച്ച് വായിക്കാൻ കഴിയുന്ന ഡിജിറ്റൽ മാഗസിനും ശ്യാം മാസ്റ്ററുടെ നേതൃത്വത്തിലാണ് തയാറാക്കിയത്. ഇന്നൊവേറ്റിവ് സ്മാർട്ട് ക്ലാസ് എന്ന വിഭാഗത്തിലാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഇടം നേടിയത്.

