മഞ്ഞപ്പിത്തം; ബോധവത്കരണ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു
text_fieldsമഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ച പുളിക്കല്‍ അരൂര്‍ മേഖലയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി വിവരം ശേഖരിക്കുന്നു
പുളിക്കല്‍: മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ പുളിക്കല്‍ പഞ്ചായത്തിലെ അരൂര്‍ മേഖലയില്‍ പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക ആരോഗ്യ പരിശോധന ക്യാമ്പ് ഇന്ന് നടക്കും.
പുളിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ അരൂര്‍ എ.എം.യു.പി സ്കൂളില്‍ രാവിലെ 11ന് ആരംഭിക്കുന്ന ക്യാമ്പില്‍ വിദഗ്ധ ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനമുണ്ടാകും.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി പനിയും മറ്റ് രോഗ ലക്ഷണങ്ങളുമുള്ളവരെല്ലാം ക്യാമ്പില്‍ പങ്കെടുക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. രോഗികള്‍ക്കുള്ള മരുന്നുകള്‍ ക്യാമ്പില്‍ സൗജന്യമായി നല്‍കും. കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കും. അരൂര്‍ സ്കൂളിലെ 60 വിദ്യാര്‍ഥികളുള്‍പ്പെടെ 105 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരിക്കുന്നത്.
പനി ബാധിച്ച അരൂര്‍ സ്കൂളിലെ നാല് വിദ്യാര്‍ഥികളെ കൂടി ആരോഗ്യ പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ ലാബ് പരിശോധനകള്‍ക്ക് ശേഷം നിരീക്ഷണത്തിലാണ്.
കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. രോഗവ്യാപനം കൂടുതലുള്ള അരൂരും സമീപ പ്രദേശങ്ങളിലും ആരോഗ്യ പ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും സ്കൂള്‍ പി.ടി.എ കമ്മിറ്റിയുടെയും നേതൃത്വത്തിലുള്ള സംഘങ്ങള്‍ ഗൃഹസന്ദര്‍ശനം നടത്തിയുള്ള ബോധവത്കരണവും ജലാശയങ്ങള്‍ ക്ലോറിനേറ്റ് ചെയ്യലും തുടരുകയാണ്.
കൂടുതല്‍ പ്രദേശങ്ങളിലേക്ക് രോഗം പടരാതിരിക്കാൻ മുന്‍കരുതലുകള്‍ സ്വീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. വെള്ളിയാഴ്ച ഒന്നാം വാര്‍ഡുള്‍പ്പെട്ട പൈക്കടത്ത്മൂല, ആനക്കുണ്ടുങ്ങല്‍, നെല്ലിക്കുന്ന്, വാര്‍ഡ് രണ്ടിലെ മാണിക്കപറമ്പ്, കുഴിപ്പന, നാലാംകണ്ടം, മൂന്നാം വാര്‍ഡിലെ കൊട്ടക്കോട്ടുമ്മല് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഗൃഹ സന്ദര്‍ശനം.
സംഘങ്ങള്‍ 165 വീടുകള്‍ സന്ദര്‍ശിക്കുകയും 55 ശുദ്ധജല സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുകയും ചെയ്തു. ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. ബാബു, ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷ ബേബി രജനി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കൃഷ്ണന് പാറപ്പുറത്ത്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇ. നിധീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പുളിക്കല്‍: അരൂര്‍ ഒളവട്ടൂര്‍ പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം വ്യാപകമായ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിലും രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ അരൂര്‍ എ.എം.യു.പി സ്കൂളിലാണ് ക്യാമ്പ് നടക്കുകയെന്ന് വാര്‍ഡ് കമ്മിറ്റി അറിയിച്ചു. പുളിക്കല്‍ സർവിസ് സഹകരണ ബാങ്കുമായി ചേര്‍ന്ന് നടത്തുന്ന ക്യാമ്പില്‍ പരിശോധനകള്‍ സൗജന്യമായിരിക്കും. വിദഗ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കും.

