മെത്താംഫിറ്റമിനുമായി യുവാവ് എക്സൈസ് പിടിയിൽ
text_fieldsഷാക്കിർ ജമാൽ
മലപ്പുറം: അരീക്കോട് ടൗണിലുള്ള സ്വകാര്യ ലോഡ്ജിന്റെ വാഷ് റൂമിൽനിന്ന് 22.21 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. എടവണ്ണപ്പാറ പുതിയതൊടി ചീടിക്കുഴി പി.സി. ഷാക്കിർ ജമാൽ (28) ആണ് അറസ്റ്റിലായത്. ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് ബുധനാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് സി.ഐ എൻ. നൗഫൽ, ഉത്തരമേഖല കമീഷണർ സ്ക്വാഡിലെ ഇൻസ്പെക്ടർ ടി. ഷിജുമോൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ പി. ഹരിദാസൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ. ആസിഫ് ഇക്ബാൽ, സിവിൽ എക്സൈസ് ഓഫിസർ അനീസ് ബാബു, സിവിൽ എക്സൈസ് ഓഫിസർ അഖിൽദാസ്, ഡ്രൈവർ എം. മുഹമ്മദ് നിസാർ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

