സാമൂഹിക നീതി വകുപ്പിന്റെ മികച്ച ജീവനക്കാരനുള്ള അവാർഡ് ടി.പി. ഇബ്രാഹീമിന്
text_fieldsടി.പി. ഇബ്രാഹീം
മലപ്പുറം: കാഴ്ച പരിമിത വിഭാഗത്തിലെ ഏറ്റവും മികച്ച ജീവനക്കാരന് സാമൂഹിക നീതി വകുപ്പ് ഏർപ്പെടുത്തിയ അവാർഡിന് പുളിക്കൽ എബിലിറ്റി ഫൗണ്ടേഷൻ ഐ.എ.എസ് അക്കാദമി ഡയറക്ടർ ടി.പി. ഇബ്രാഹീം അർഹനായി. സംസ്ഥാനത്ത് ആദ്യമായാണ് ഭിന്നശേഷിക്കാർക്കുവേണ്ടി ഒരു ഐ.എ.എസ് അക്കാദമി പ്രവർത്തിച്ചുവരുന്നത്.
കാഴ്ച പരിമിതർക്കുവേണ്ടി എബിലിറ്റി കാമ്പസിൽ പ്രവർത്തിക്കുന്ന ഉറവ ടോക്കിങ് ലൈബ്രറി ഇൻചാർജായും പി.എസ്.സി കോച്ചിങ് സെൻറർ കോഓഡിനേറ്ററായും കാഴ്ച പരിമിതരുടെയും മറ്റു ഭിന്നശേഷിക്കാരുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന വിവിധ പദ്ധതികളുടെ ആസൂത്രകനായും ഇദ്ദേഹം പ്രവർത്തിച്ചുവരുന്നു.
ചെമ്മാട് തോട്ടപ്പാളി മുഹമ്മദ്-നഫീസ ദമ്പതികളുടെ മകനാണ് ഇബ്രാഹീം. ഫാറൂഖ് കോളജിൽനിന്ന് ബി.എ സോഷ്യോളജി, ന്യൂഡൽഹി ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയിൽനിന്ന് എം.എ സോഷ്യോളജി, എം.ഫിൽ എന്നിവയും കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് ബി.എഡ്, എം.എഡ് എന്നീ യോഗ്യതകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

