പാലപ്പറ്റയിൽ കാർ തല കീഴായി മറിഞ്ഞു
text_fieldsപാലപ്പറ്റയിൽ മറിഞ്ഞ കാർ
അരീക്കോട്: എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിലെ പാലപ്പറ്റയിൽ കാർ തല കീഴായി മറിഞ്ഞു. കാറിലുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചക്ക് ഒന്നോടെയാണ് അപകടം. അരീക്കോട് ഭാഗത്ത് നിന്ന് വണ്ടൂരിലെ കൂട്ടുകാരന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടയിലാണ് യുവാക്കൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം വിട്ട കാർ റോഡരികില്‍ സ്ഥാപിച്ച ഓവുപാലത്തിന്റെ സിമന്റ് ഭിത്തിയിൽ തട്ടി മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഡ്രൈവറടക്കം എഴ് പേരാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ എയര്‍ ബാഗ് സംവിധാനം കൃത്യമായി പ്രവര്‍ത്തിച്ചതിനാല്‍ ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിൽ കാറിന് വലിയ രീതിയിലുള്ള കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
അതേസമയം, പാലപ്പറ്റയിൽ റോഡ് നവീകരണം പൂർത്തിയായ ശേഷം അപകടങ്ങൾ പതിവാകുന്നതായി പ്രദേശവാസികൾ പറയുന്നു. റോഡിന്റെ അശാസ്ത്രീയ നിർമാണമാണ് അപകടത്തിനിടയാക്കുന്നതെന്നാണ് പരാതിയുണ്ട്.

