തിരൂർ-മഞ്ചേരി റൂട്ടിനെ വെട്ടാൻ ബസുകൾ താമരശ്ശേരിയിലേക്ക്
text_fieldsമലപ്പുറം: പൊന്നാനി-തിരൂർ-മഞ്ചേരി റൂട്ടിൽ നിലവിലുള്ള നാമമാത്ര സർവീസുകളും ഇല്ലാതാക്കി കെ.എസ്.ആർ.ടി.സി. വർഷങ്ങളോളം പൊന്നാനി-തിരൂർ-മഞ്ചേരി റൂട്ടിൽ സർവീസ് നടത്തിയിരുന്ന പൊന്നാനി ഡിപ്പോയുടെ രണ്ട് ഓർഡനറി ബസുകളാണ് ഈ റൂട്ടിലൂടെയുള്ള ഷട്ടിൽ സർവീസ് ഒഴിവാക്കാൻ താമരശ്ശേരിയിലേക്ക് നീട്ടിയിരിക്കുന്നത്. പൊന്നാനി ഡിപ്പോയിൽനിന്ന് രാവിലെ 7.25നും 7.55നും പുറപ്പെടുന്ന രണ്ട് ബസുകളാണ് താമരശ്ശേരിയിലേക്ക് സർവീസ് നീട്ടിയത്. പൊന്നാനിയിൽനിന്ന് മഞ്ചേരിയിലെത്തുന്ന ഈ ബസുകൾ, മുക്കം വഴി താമരശ്ശേരിയിലേക്കും തിരിച്ച് പൊന്നാനിയിലേക്കുമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.
കലക്ഷൻ വർധിപ്പിക്കാനെന്ന പേരിലാണ് ഈ മാറ്റമെങ്കിലും ഈ രണ്ട് സർവീസുകളും വൻ നഷ്ടമാണ് വരുത്തിവെക്കുന്നത്. മിക്ക സമയങ്ങളിലും ഈ ബസുകൾ താമരശ്ശേരി റൂട്ടിൽ യാത്രക്കാരില്ലാതെയാണ് ഓടുന്നത്. പത്തുവർഷം മുമ്പ് വരെ തിരൂർ-മഞ്ചേരി, പൊന്നാനി-തിരൂർ-മഞ്ചേരി റൂട്ടിൽ 17ലധികം ബസുകൾ ചെയിൻ സർവീസായി കെ.എസ്.ആർ.ടി.സി ഓടിച്ചിരുന്നു. സ്വകാര്യബസ് ലോബിയുടെ സമ്മർദ്ദത്തെതുടർന്നാണ് പിന്നീട് ഈ സർവീസുകൾ ഒന്നൊന്നായി നിർത്തിയത്. നിലവിൽ ആറ് ഓർഡിനറി ബസുകൾ മാത്രമാണ് ഈ റൂട്ടിൽ ഓടുന്നത്. മലപ്പുറം ഡിപ്പോ നവീകരണത്തിന്റെ ആദ്യഘട്ടം പൂർത്തിയായിട്ടും ജില്ലയുടെ പ്രധാന പട്ടണങ്ങളെ ബന്ധിപ്പിച്ച് ഓർഡിനറി ബസുകളുടെ എണ്ണം വർധിപ്പിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. ഓർഡിനറി ബസുകളുടെ കുറവ് മൂലം ജില്ലയിൽ പ്രിയദർശിനി പദ്ധതിയുടെ പ്രയോജനം സ്ത്രീകൾക്ക് ലഭിക്കുന്നില്ല.

