ബസ് സ്റ്റാൻഡ് കവാടത്തിലെ വാരിക്കുഴി യാത്രക്കാരുടെ നടുവൊടിക്കുന്നു
text_fieldsവടകര പുതിയ പുതിയ സ്റ്റാൻഡ് പ്രവേശനകവാടത്തിൽ രൂപപ്പെട്ട കുഴി
വടകര: പുതിയ സ്റ്റാൻഡ് കവാടത്തിലെ വാരിക്കുഴി യാത്രക്കാരുടെ നടുവൊടിക്കുന്നു. കോഴിക്കോട് ഭാഗത്തുനിന്നുമെത്തുന്ന ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കുന്ന ഭാഗത്തെ ടാറിങ് ഇളകിയാണ് റോഡിൽ വലിയ കുഴി രൂപപ്പെട്ടത്. അമിത വേഗത്തിൽ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ബസുകൾ പെട്ടെന്ന് ബ്രേക്കിടുന്നതോടെ യാത്രക്കാർ സീറ്റിൽനിന്നടക്കം തെറിച്ചുവീഴുന്ന അവസ്ഥയാണുള്ളത്.
കൂടാതെ സ്റ്റാൻഡ് എത്താറായാൽ സീറ്റ് വിട്ട് എഴുന്നേൽക്കുന്നവരുടെ തല ബസിന്റ മുകൾഭാഗത്ത് മുട്ടിയും അപകടം പതിവായിട്ടുണ്ട്. മാസങ്ങളായി കുഴി നികത്താതെ കിടക്കുകയാണ്. ഒരുതവണ സമീപത്തുള്ളവർ കുഴി മണ്ണിട്ട് നികത്തിയിരുന്നു. എന്നാൽ, നിരവധി ബസുകൾ കടന്നുപോകുന്നതിനാൽ വീണ്ടും കുഴി രൂപപ്പെടുകയായിരുന്നു.
സ്റ്റാൻഡിൽ കയറിയിറങ്ങുന്ന ബസുകളിൽനിന്ന് അധികൃതർ നിശ്ചിത ഫീസ് ഈടാക്കുന്നുണ്ട്. അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിൽ വൻ വീഴ്ചയാണ് ഉണ്ടാവുന്നത്. സ്റ്റാൻഡിലെ പൊട്ടിയ സ്ലാബുകൾ മാറ്റാനും നടപടികൾ ഉണ്ടായിട്ടില്ല.

