ടിക്കറ്റ് തട്ടിയെടുക്കാനുള്ള ശ്രമം തടഞ്ഞ ലോട്ടറി വിൽപനക്കാരന് മർദനം
text_fieldsകോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ
ചികിത്സയിൽ കഴിയുന്ന പ്രതീഷ്
പയ്യോളി: ലോട്ടറി ടിക്കറ്റ് വാങ്ങിയയാൾ പണം നല്‍കാതെ കടന്നുകളയാനുള്ള ശ്രമം തടഞ്ഞ ലോട്ടറി വിൽപനക്കാരന് ക്രൂരമർദനം. പയ്യോളിയിലും പരിസരത്തും ലോട്ടറി വിൽപന നടത്തുന്ന സാമൂഹിക പ്രവർത്തകൻ കൂടിയായ പയ്യോളി ഇയ്യോത്തില്‍ പ്രതീഷിനാണ് (45) പരിക്കേറ്റത്.
വലത്തെ കാല്‍മുട്ടിന്റെ എല്ലുപൊട്ടിയ പ്രതീഷ് കാലിന് പ്ലാസ്റ്ററിട്ട നിലയിൽ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതീഷിനെ ആക്രമിച്ചെന്ന പരാതിയില്‍ പയ്യോളി സ്വദേശി വളപ്പില്‍ പ്രശോഭിനെതിരെ പയ്യോളി പൊലീസ് കേസെടുത്തു.
കഴിഞ്ഞ ഒക്ടോബർ പത്തിന് വൈകീട്ട് മൂന്നോടെ പയ്യോളി ദേശീയപാതയോരത്ത് രണ്ടാം ഗേറ്റിനുസമീപമാണ് സംഭവം. റോഡരികിൽ നില്‍ക്കുകയായിരുന്ന പ്രതീഷിൽനിന്ന് ആറുലോട്ടറി ടിക്കറ്റുകൾ വാങ്ങിയശേഷം പണം നല്‍കാതെ പ്രതി പോകാന്‍ ശ്രമിക്കുകയായിരുന്നു.
തടയാൻ ശ്രമിച്ച പ്രതീഷിനെ നിലത്ത് തള്ളിയിട്ടശേഷം ഇന്റർലോക്കിന് ഉപയോഗിക്കുന്ന കട്ടകൊണ്ട് വലതുകാല്‍മുട്ടിന് ഇടിച്ചതിനെ തുടര്‍ന്നാണ് പരിക്കേറ്റതെന്ന് പരാതിയില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 341, 323, 324, 326, 392 വകുപ്പുകള്‍ പ്രകാരം പയ്യോളി പൊലീസ് കേസെടുത്തു.

