കവർന്നതോ കളഞ്ഞുപോയതോ... പന്തീരാങ്കാവ് പൊലീസിൻെറ ലാപ്ടോപ് എവിടെ?
text_fieldsപന്തീരാങ്കാവ്: പൊലീസ് സ്റ്റേഷനിൽനിന്ന് കാണാതായ ലാപ്ടോപ് കവർന്നതോ അതോ കളഞ്ഞുപോയതോ? പന്തീരാങ്കാവ് സ്റ്റേഷനിലെ പൊലീസുകാരുടെ അന്വേഷണം തകൃതിയായി നടക്കുകയാണ്. ഒരാഴ്ചയായി ലാപ്ടോപ്പിനായി കനത്ത തിരച്ചിലാണ്. സ്റ്റേഷനിലെ ഒരു സബ് ഇൻസ്പെക്ടറുടെ ലാപ്ടോപ്പാണ് കാണാതായത്. അകത്തും പുറത്തും സി.സി.ടി.വിയും മറ്റു സൗകര്യങ്ങളുമുണ്ടായിട്ടും ലാപ്ടോപ് എവിടെയാണെന്നു മാത്രം കണ്ടെത്താനായില്ല. പുറത്തുനിന്ന് ആളെത്തി കൊണ്ടുപോവുമെന്ന വിശ്വാസം പൊലീസുകാർക്കില്ല.
എന്നാൽ, അകത്തുനിന്ന് അതെങ്ങനെ നഷ്ടമായെന്ന് വ്യക്തതയുമില്ല. ലാപ്ടോപ് കാണാതായത് പുറത്തറിയാതിരിക്കാൻ ശ്രമിച്ചെങ്കിലും പൊലീസുകാർക്കിടയിൽനിന്നുതന്നെ വാർത്ത ചോർന്നു. ലാപ്ടോപ് നഷ്ടമായ വിവരം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിഞ്ഞിട്ടുണ്ടെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല.
രഹസ്യാന്വേഷണ വിഭാഗം സംഭവം അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം. നഷ്ടപ്പെട്ടതോ വല്ലവരും മോഷ്ടിച്ചതോ എന്നു പറയാൻ ലാപ്ടോപ് കൈവശംവെച്ചിരുന്ന പൊലീസുകാരനും കഴിയുന്നില്ല. ഫയലുകൾക്കിടയിൽ പെട്ടുപോയിട്ടുണ്ടാവുമെന്ന സംശയത്തിൽ കഴിഞ്ഞ ദിവസം സ്റ്റേഷൻ മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനാവാത്തത് പൊലീസ് സേനക്ക് തലവേദനയാവുകയാണ്.

