റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; വൻ അപകടം ഒഴിവായി
text_fieldsനാദാപുരം: റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. അമ്മയും മക്കളും രക്ഷപ്പെട്ടത് തലനാരിഴക്ക്. വീടിന്റെ അടുക്കളയിൽ പ്രവർത്തിച്ചിരുന്ന റഫ്രിജറേറ്ററാണ് പൊട്ടിത്തെറിച്ചത്. വാണിമേൽ ഗ്രാമപഞ്ചായത്തിലെ ഭൂമിവാതുക്കൽ ചങ്ങരോത്ത് മുക്കിലെ വെളുത്ത പറമ്പത്ത് സുരേന്ദ്രന്റെ വീട്ടിലാണ് ശനിയാഴ്ച അർധരാത്രി 1.30ഓടെ അപകടം നടന്നത്.
അടുക്കളയിലെ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് വീടിനകത്ത് തീപടരുകയും ഇലക്ട്രോണിക്സ്- ഇലക്ട്രിക്കൽ വീട്ടുപകരണങ്ങൾ കത്തിനശിക്കുകയും ചെയ്തു. സുരേന്ദ്രൻ വിദേശത്താണുള്ളത്. ശബ്ദംകേട്ട് സുരേന്ദ്രന്റെ ഭാര്യ സുനിതയും രണ്ട് മക്കളും വീടിന് പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു.
തീയും പുകയും മറ്റ് മുറികളിലേക്ക് പടർന്നതിനാൽ വീട്ടിന് അകത്ത് കയറാൻ പറ്റാത്ത സ്ഥിതിയായിരുന്നു. ഓടിക്കൂടിയ അയൽക്കാർ ഏറെ പണിപ്പെട്ട് തീകെടുത്തുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വളയം പൊലീസ് സ്ഥലത്തെത്തി.

