കല്ലാച്ചി ടൗണിൽ കെട്ടിടം തകർന്നു; ഒഴിവായത് വൻ ദുരന്തം
text_fieldsകല്ലാച്ചി വളയം റോഡിലെ തകർന്ന കെട്ടിടം
നാദാപുരം: കല്ലാച്ചി മാർക്കറ്റ് റോഡിൽ കെട്ടിടം തകർന്നുവീണ് ഒഴിവായത് വൻ ദുരന്തം. രയോരത്ത് കുഞ്ഞബ്ദുല്ല ഹാജിയുടെ ഉടമസ്ഥതയിലുള്ള ഇരുനില ഓടിട്ട കെട്ടിടമാണ് തകർന്നത്. വ്യാഴാഴ്ച രാവിലെ ഒമ്പതിനാണ് കെട്ടിടത്തിെൻറ ചില ഭാഗങ്ങൾ അടർന്നുവീണത്. പരിസരത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി.
അപകട ഭീഷണിയുയർത്തിയ കെട്ടിടം വാഹന യാത്രക്കാർക്കും സമീപത്തെ കെട്ടിടങ്ങൾക്കും കാൽനട യാത്രക്കാർക്കും ഭീഷണി ഉയർത്തിയിരുന്നു. കെട്ടിടത്തിെൻറ ചില ഭാഗങ്ങൾ ആദ്യം റോഡിലേക്ക് വീഴുകയും പിന്നീട് ബാക്കി ഭാഗം റോഡിലേക്ക് പതിക്കുകയുമായിരുന്നു. ഇതിനാൽ കെട്ടിടം വീഴുന്നത് ആളുകളുടെ ശ്രദ്ധയിൽ പെടുകയും അപകടം ഒഴിവാകുകയുമുണ്ടായി. കെട്ടിടത്തിെൻറ ഭാഗങ്ങൾ ഫൂട്ട്പാത്തിൽനിന്നും പൂർണമായും നീക്കം ചെയ്യാത്തത് കാൽനട യാത്രക്കാർക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്.
നാദാപുരം ഫയര്‍ സ്റ്റേഷൻ ഓഫിസർ ടി.കെ. വാസത്തിെൻറ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഏറെ സാഹസപ്പെട്ട് അപകട ഭീഷണി ഉയർത്തുന്ന കെട്ടിടത്തിെൻറ മറ്റു ഭാഗങ്ങൾ പൊളിച്ചുമാറ്റി. സീനിയർ ഫയർ ഓഫിസർ വി.വി. രാമദാസൻ, കെ.എൻ. രതീഷ്, പ്രബീഷ്, പി.എം. വിജേഷ്, കെ. ഷാഗിൽ, കെ. ബിജു, ഷൈജു, ഷിബിൻരാജ് എന്നിവർ പങ്കെടുത്തു.

