മുക്കത്ത് വൻ ചാരായവേട്ട; ഒരാൾ പിടിയിൽ
text_fieldsമുക്കം മണാശ്ശേരിയിൽ പൊലീസ് പിടികൂടിയ ചാരായവും വാറ്റുപകരണങ്ങളും. ഇൻസെറ്റിൽ പിടിയിലായ ജംഷി
മുക്കം: വൻതോതിൽ ചാരായം വാറ്റി വിൽപന നടത്തുന്നയാളെ മുക്കം പൊലീസ് പിടികൂടി. കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി സ്വദേശി കീഴ്ക്കളത്തിൽ ജംഷിയാണ് മുക്കം പൊലീസ് നടത്തിയ റെയ്ഡിൽ പിടിയിലായത്. വാഗൺ ആർ കാറിൽ സ്ഥിരമായി ചാരായം കടത്തുന്നതായി മുക്കം പൊലീസിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
നെല്ലിക്കാപറമ്പിൽ വെച്ച് മൂന്ന് ലിറ്റർ ചാരായം പൊലീസ് ഇയാളുടെ കാറിൽനിന്ന് പിടിച്ചെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മുക്കം മണാശ്ശേരിയിലെ ആൾതാമസമില്ലാത്ത വീട്ടിൽ ഇയാൾ ചാരായം വാറ്റി വിൽക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് കയ്യേരിക്കലുള്ള വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. ഈ വീട്ടിൽനിന്ന് 10 ലിറ്റർ ചാരായവും 500 ലിറ്റർ വാഷും പൊലീസ് കണ്ടെടുത്തു. വാഷ് സംഭവസ്ഥലത്തുതന്നെ നശിച്ചു.
വീടിെൻറ ബാത്ത് റൂം, സ്റ്റോർ റൂം എന്നിവിടങ്ങളിലായി രണ്ട് വലിയ കുക്കറും ഗ്യാസ് സ്റ്റൗവും ഉപയോഗിച്ചാണ് ഇയാൾ ചാരായം വാറ്റിയിരുന്നത്.ആവശ്യക്കാർക്ക് വാഹനത്തിൽതന്നെ ചാരായം എത്തിച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇയാളിൽനിന്ന് പണവും പൊലീസ് പിടികൂടിയിട്ടുണ്ട്.

