അംഗൻവാടിയിൽ പാമ്പ്; നിവേദനവുമായി ഫാത്തിമ ഇൻഷ മോൾ
text_fields1.പഞ്ചായത്തിൽ നിവേദനം നൽകാനെത്തിയ ഫാത്തിമ ഇൻഷ മോൾ 2. മേപ്പയൂർ പാവട്ട് കണ്ടിമുക്ക് അംഗൻവാടി മുറ്റത്തുനിന്ന്
പിടിച്ച മൂർഖൻ പാമ്പ്
മേപ്പയൂർ: ദിവസവും രാവിലെ കുളിച്ചൊരുങ്ങി അംഗൻവാടിയിലേക്ക് പോകുന്ന ഫാത്തിമ ഇൻഷ മോൾ ചൊവ്വാഴ്ച അമ്മമാരുടെ കൂടെ മേപ്പയൂർ ഗ്രാമപഞ്ചായത്ത് ഓഫിസിലേക്കാണ് പോയത്. അവൾ പഠിക്കുന്ന ഗ്രാമപഞ്ചായത്ത് 15ാം വാർഡിൽ പാവട്ട് കണ്ടിമുക്കിലെ അംഗൻവാടി മുറ്റത്തുനിന്ന് തിങ്കളാഴ്ച വലിയൊരു മൂർഖൻ പാമ്പിനെയാണ് പിടിച്ചത്. ഭാഗ്യത്തിനാണ് കുട്ടികളെ കടിക്കാതിരുന്നത്. ഈ അംഗൻവാടിക്ക് സമീപം കാടുനിറഞ്ഞുകിടക്കുകയാണ്.
ഈ അംഗൻവാടിയുടെ ഭൗതികസാഹചര്യം പരിതാപകരമാണ്. ശുചിമുറി സൗകര്യമോ സ്വന്തമായി കിണറോ ഇല്ല. 35 വർഷം മുമ്പ് നിർമിച്ച അംഗൻവാടി കെട്ടിടം ജീർണാവസ്ഥയിലാണെന്ന് പഞ്ചായത്ത് പ്രസിഡന്റിനെ അറിയിക്കാനാണ് അവൾ പഞ്ചായത്ത് ഓഫിസിൽ എത്തിയത്.
പ്രസിഡന്റും സ്ഥലം മെംബറുമായ കെ.ടി. രാജന് അവൾ നിവേദനം നൽകി. അംഗൻവാടിക്ക് പുതിയകെട്ടിടം നിർമിക്കാനുള്ള ശ്രമംനടത്തുമെന്ന് പ്രസിഡന്റ് നിവേദകസംഘത്തിന് ഉറപ്പുകൊടുത്തു. കുട്ടിയെ അംഗൻവാടിയിൽനിന്ന് കൂട്ടാൻപോയ രക്ഷിതാവാണ് പാമ്പിനെ കണ്ടത്.
ഉടൻ അദ്ദേഹം മേപ്പയൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പൊലീസ് വിളിച്ചതനുസരിച്ച് പെരുവണ്ണാമൂഴി വനപാലകരുടെ പാമ്പുപിടിത്തക്കാരൻ സുരേന്ദ്രൻ കരിങ്ങാട് എത്തി മൂർഖൻ പാമ്പിനെ പിടിച്ച് പെരുവണ്ണാമൂഴിക്ക് കൊണ്ടുപോയി.

