പാലത്തിന്റെ നടപ്പാതയിൽ സ്ഥാപിച്ച കമാനം പൊലീസ് എടുത്തുമാറ്റി
text_fieldsഎളമരം പാലത്തിന്റെ നടപ്പാതയിൽ സ്ഥാപിച്ച കമാനം മാവൂർ പൊലീസ് നീക്കംചെയ്യുന്നു
മാവൂർ: എളമരം പാലത്തിന്റെ നടപ്പാതയിൽ സ്ഥാപിച്ച കവാടം പൊലീസ് എടുത്തുമാറ്റി. സമീപ പ്രദേശത്തു നടക്കുന്ന പരിപാടിയുടെ പ്രചാരണാർഥം സ്ഥാപിച്ച കമാനമാണ് സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം നീക്കം ചെയ്തത്. കമാനം എടുത്തുമാറ്റാൻ വ്യാഴാഴ്ചതന്നെ കമീഷണർ നിർദേശിച്ചിരുന്നു. എന്നാൽ, സ്ഥാപിക്കാൻ കരാറെടുത്തവർ നീക്കം ചെയ്യാത്തതിനെ തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെ മാവൂർ പൊലീസ് മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് പൊളിച്ചുമാറ്റുകയായിരുന്നു. നിയമം ലംഘിച്ച് പൊതുസ്ഥലത്ത് കമാനം സ്ഥാപിച്ചതിന് കമീഷണറുടെ നിർദേശപ്രകാരം മാവൂർ പൊലീസ് വ്യാഴാഴ്ച കേസെടുത്തിരുന്നു. വ്യാഴാഴ്ച ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കമീഷണറുടെ നടപടി.

