ഇളവുകൾ പ്രഖ്യാപിച്ചിട്ടും കുറ്റ്യാടിയിൽ ബസ് ഓട്ടം പുനരാരംഭിച്ചില്ല
text_fieldsകുറ്റ്യാടി ബസ്സ്റ്റാൻഡ് അടച്ചനിലയിൽ
കുറ്റ്യാടി: നിപ കണ്ടെയിൻമെന്റ് സോണുകളിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടും കുറ്റ്യാടിയിൽ ബസ് സർവിസ് പുനരാരംഭിച്ചില്ല. ബസ്സ്റ്റാൻഡ് അടഞ്ഞുകിടപ്പാണ്. കോഴിക്കോട്ടേക്ക് ചെറിയകുമ്പളത്തുനിന്നും വടകരക്ക് മൊകേരിയിൽനിന്നും വയനാട്ടിലേക്ക് തൊട്ടിൽപാലത്തുനിന്നുമാണ് ബസുകളെടുക്കുന്നത്.
കോഴിക്കോട്-തൊട്ടിൽപാലം റൂട്ടിലോടുന്ന ബസുകൾ കുറ്റ്യാടി ടൗണിൽനിന്ന് ആളുകളെ കയറ്റുകയോ ഇറക്കുകയോ ചെയ്യുന്നില്ല. കോഴിക്കോട്ടേക്ക് പോകേണ്ടവർ ഓട്ടോ പിടിച്ച് ബസുകൾ പുറപ്പെടുന്ന ചെറിയകുമ്പളത്ത് എത്തുകയാണ്. ഇറങ്ങിയാലും പോകുന്നത് തഥൈവ. കുറ്റ്യാടി ടൗൺ വാർഡ്, ചങ്ങരോത്ത് പഞ്ചായത്തിലെ ചെറിയകുമ്പളം എന്നിവിടങ്ങൾ കണ്ടെയിൻമെന്റ് സോണുകളാണ്. എന്നാൽ, കോഴിക്കോട്ട് എത്തുന്ന ബസുകൾ ചെറിയകുമ്പളത്ത് നിർത്തി ആളെ കയറ്റുന്നതിന് അനുവാദമുണ്ട്.
ചൊവ്വാഴ്ച വരെ പാറക്കടവിലായിരുന്നു നിർത്താൻ അനുവാദം ലഭിച്ചത്. കഴിഞ്ഞ 13നാണ് കുറ്റ്യാടി ബസ്സ്റ്റാൻഡ് അടച്ചത്. കുറ്റ്യാടി ടൗണിൽ കടകൾ തുറന്നെങ്കിലും ബസ് സർവിസ് ഇല്ലാത്തതിനാൽ ആളുകൾ എത്തുന്നത് കുറവാണ്.

