മാലിന്യ സംസ്കരണ സംവിധാനമില്ല; ലബോറട്ടറി അടപ്പിച്ചു
text_fieldsചൂലൂർ കുടുംബാരോഗ്യകേന്ദ്രം ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കടകളിൽ പരിശോധന നടത്തുന്നു
കുന്ദമംഗലം: കട്ടാങ്ങൽ, കളൻതോട്, ഏരിമല, ചാത്തമംഗലം, നായർകുഴി എന്നിവിടങ്ങളിൽ ചൂലൂർ കുടുംബാരോഗ്യകേന്ദ്രം ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. പൊതുജനാരോഗ്യത്തിന് ഹാനികരമായി മതിയായ ശുചിത്വ സംവിധാനങ്ങളില്ലാതെ പ്രവർത്തിച്ച രണ്ടു സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. മാലിന്യ നിർമാർജനത്തിന് ശരിയായ സംവിധാനമേർപ്പെടുത്താത്ത ഒരു ലബോറട്ടറി അടപ്പിച്ചു.
പരിസരത്ത് കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തിയതും കുടിവെള്ള ഗുണനിലവാര പരിശോധന നടത്താത്തതും മതിയായ ശുചിത്വമില്ലാത്തതുമായ സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയത്. ഹോട്ടൽ, ബേക്കറി, കൂൾബാർ, ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലം, തൊഴിലിടങ്ങൾ, ഫ്ലാറ്റുകൾ, ലബോറട്ടറികൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
പുകയില നിയന്ത്രണ നിയമപ്രകാരം മുന്നറിയിപ്പ് ബോർഡുകൾ പ്രദർശിപ്പിക്കാത്ത കടകളിൽനിന്നും പിഴയീടാക്കി. പരിശോധനക്ക് ചൂലൂർ ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ. നായർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഒ. സുധീർ രാജ്, ഇ. അബ്ദുൽ റഷീദ് എന്നിവർ നേതൃത്വം നൽകി.

