കാർ തലകീഴായി മറിഞ്ഞ് ഏഴു പേർക്ക് പരിക്ക്
text_fieldsദേശീയപാത 766ൽ നെല്ലാങ്കണ്ടിയിൽ കാർ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടം
കൊടുവള്ളി: ദേശീയപാത 766ൽ നെല്ലാങ്കണ്ടിയിൽ കാർ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞ് അപകടം. കാർയാത്രക്കാരായ ഏഴു പേർക്ക് പരിക്ക്. ഗൂഡല്ലൂരിലേക്ക് വിനോദയാത്ര പോയി മടങ്ങുകയായിരുന്ന പാലക്കാട് കുമ്പിടി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.
കുമ്പിടി സ്വദേശി ജാസിം (37), ജാസിമിന്റെ ടെക്സ്റ്റൈൽസിൽ ജോലി ചെയ്യുന്ന രഞ്ജിത്ത്, അഭിജിത്ത്, സിറാജ്, സ്വാലിഹ്, അനസ്, അഖിലേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നെല്ലാങ്കണ്ടി അങ്ങാടിക്കടുത്ത് എളേറ്റിൽ റോഡ് ജങ്ഷനു സമീപത്ത് ബുധനാഴ്ച അർധരാത്രി 12.20ഓടെയായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർദിശയിൽ വന്ന ലോറിയിൽ ഇടിക്കാതിരിക്കാൻ കാർ പെട്ടെന്ന് വെട്ടിക്കുകയായിരുന്നു. റോഡരികിലെ മതിലിൽ ഇടിച്ച് കാർ തലകീഴായി മറിഞ്ഞു. കാറിനുള്ളിൽ കുടുങ്ങിയ ഇവരെ ഓടിയെത്തിയ നാട്ടുകാരും യാത്രക്കാരും ചേർന്നാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

