ബൈക്കിന് മുകളിലേക്ക് നായ് ചാടി; നിയന്ത്രണംവിട്ട് മറിഞ്ഞ് യാത്രികന് പരിക്ക്
text_fieldsസിൽവസ്റ്റർ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ
ഫറോക്ക്: ജോലിക്കുപോകുന്നതിനിടെ നായ് ബൈക്കിന് മുകളിലേക്കുചാടി യാത്രക്കാരന് പരിക്കേറ്റു. കൊളത്തറ തലപ്പനപറമ്പ് റോജാസ് നിവാസിൽ സിൽവസ്റ്റർ എന്ന ബാബു (69)വിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ഏഴോടെ ഒളവണ്ണ ചുങ്കത്താണ് സംഭവം.
നല്ലളത്തെ സ്വകാര്യ കമ്പനി ഡ്രൈവറായ ബാബു ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ ബൈക്കിന് പിറകിൽ നായ് കുറെ ദൂരം ഓടുകയും വണ്ടിയുടെ മുകളിലേക്ക് ചാടുകയുമായിരുന്നു. ബൈക്ക് മറിഞ്ഞ് വലതു കാൽമുട്ടിനും കൈമുട്ടിനുമാണ് പരിക്കേറ്റത്.
നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും നായ് രക്ഷപ്പെട്ടു. ഉടൻ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

